ആലപ്പുഴ: തീരദേശത്ത് കടലിനോട് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ
അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ തോട്ടപ്പള്ളിയിൽ നിർമ്മിക്കുന്ന പുനർഗേഹം പദ്ധതി വഴിയുള്ള ഫ്‌ലാറ്റിന്റെ കെട്ടിട നിർമ്മാണം ഏപ്രിലിൽ പൂർത്തീകരിക്കും. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ
ഏർപ്പെടുത്തുന്നത് വിലയിരുത്തുന്നതിനുമായി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തിങ്കളാഴ്ച രാവിലെ കെട്ടിടനിർമ്മാണ സ്ഥലം
സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിലവിൽ പുനരധിവസിപ്പിക്കുന്നതിനായി 204 ഫ്‌ളാറ്റുകളാണ് തയ്യാറായി വരുന്നത്. ഇതുകൂടാതെ 24 എണ്ണം കൂടി നിർമ്മിക്കും. കെട്ടിടനിർമാണം പൂർത്തിയാക്കുന്നതിന് അനുബന്ധമായി ജലനിർഗമന സൗകര്യം, മാലിന്യ സംസ്‌കരണ സംവിധാനം, ഫ്‌ലാറ്റുകളിലേക്കുള്ള റോഡ്, ചുറ്റുമതിൽ നിർമാണം എന്നിവ കൂടി നിർമിക്കുന്നത് സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ആലപ്പുഴ ജില്ലയിലുള്ള, കടലിൽ നിന്ന് 50 മീറ്ററിനുള്ളിലെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടിയാണ് ഫ്‌ലാറ്റ് നിർമിക്കുന്നത്. 3.48 ഏക്കർ സ്ഥലത്താണ് നിർമാണം. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. എച്ച് സലാം എം എൽ എ, തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റൻറ് എൻജിനീയർ മേഘനാഥ് കൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.