ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി

ന്യൂഡല്‍ഹി: സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതിനാല്‍ വ്യാഴാഴ്ച നടത്താനിരുന്ന ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഈ മാസം 16-ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 17-ന് ശേഷമുള്ള തീയതിയിലേക്ക് മാറ്റുമെന്നു ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫീസ് സുപ്രീം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.

മേയര്‍ തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ഥി ഷെല്ലി ഒബ്‌റോയ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനായി 17-ലേക്കു മാറ്റി. അതേസമയം, നോമിനേറ്റഡ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

നോമിനേറ്റഡ് അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. ഭരണഘടനാ വ്യവസ്ഥ വളരെ വ്യക്തമാണെന്നും ആം ആദ്മി പാര്‍ട്ടിയുടെ വാദത്തെ ന്യായീകരിച്ച് ബെഞ്ച് നിരീക്ഷിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജി വാദം കേള്‍ക്കാനായി കോടതി ഈ മാസം 17-ലേക്കു മാറ്റി. ഇതോടെയാണ് 16 ലെ മേയര്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 17 നു ശേഷമുള്ള തീയതിയിലേക്കു മാറ്റുമെന്ന് ലഫ്. ഗവര്‍ണറുടെ ഓഫീസിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ അറിയിച്ചത്.

ഷെല്ലി ഒബ്‌റോയിയുടെ ഹര്‍ജിയില്‍ ഗവര്‍ണറുടെ ഓഫീസ്, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (എം.സി.ഡി) പ്രോടേം പ്രിെസെഡിങ് ഓഫീസര്‍ സത്യ ശര്‍മ്മ എന്നിവരോട് സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിശദീകരണം തേടിയിരുന്നു. മുനിസിപ്പാലിറ്റിയില്‍ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മേയര്‍ സ്ഥാനം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളാണു പ്രതിസന്ധിയുണ്ടാക്കിയത്.
മൂന്നു തവണ മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും ആം ആദ്മി പാര്‍ട്ടി -ബി.ജെ.പി. അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് മേയറെ തെരഞ്ഞെടുക്കാനായില്ല. ലഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 10 അംഗങ്ങള്‍ക്ക് പ്രിെസെഡിങ് ഓഫീസര്‍ വോട്ടവകാശം അനുവദിച്ചതാണു തര്‍ക്കത്തിനും ബഹളത്തിനും വഴിവച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം നോമിനേറ്റഡ് അംഗങ്ങള്‍ക്കോ ആള്‍ഡര്‍മാന്‍മാര്‍ക്കോ ഹൗസ് മീറ്റിങ്ങുകളില്‍ വോട്ട് ചെയ്യാനാകില്ല. ഇത് അവഗണിച്ചായിരുന്നു പ്രിെസെഡിങ് ഓഫീസറുടെ തീരുമാനം.
എന്നാല്‍, മേയര്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടത്തണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടിയുടെ ശിപാര്‍ശ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന നേരത്തേ അംഗീകരിച്ചിരുന്നു. ഡിസംബറില്‍ നടന്ന എം.സി.ഡി. തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബി.ജെ.പി. ഭരണത്തിന് അന്ത്യംകുറിച്ച് എ.എ.പി. വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. 134 വാര്‍ഡുകളില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചപ്പോള്‍ ബി.ജെ.പിക്കു 104 വാര്‍ഡുകളിലാണു വിജയിക്കാനായത്. കോണ്‍ഗ്രസ് ഒമ്പത് സീറ്റുകള്‍ നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →