പെരിന്തല്‍മണ്ണ: സ്വകാര്യ പാരാമെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനിക്കു നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളില്‍ ഒരാള്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ഥി രോഗലക്ഷണങ്ങള്‍ മറികടന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു പറഞ്ഞു.
ശനിയാഴ്ച (4.02.2023)അയച്ച 12 സാമ്പിളുകളുടെ ഫലം തിങ്കളാഴ്ച (6.02.03)യാണ് അറിഞ്ഞത്. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയച്ച സാമ്പിളുകള്‍ തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണു പരിശോധിച്ചത്. നേരത്തെ രോഗലക്ഷണങ്ങള്‍ കാണിച്ചവര്‍ അടക്കമുള്ള വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതി നിലവില്‍ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരാള്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതിനാല്‍ ചൊവ്വാഴ്ച ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവരെ പരിശോധിക്കാനാണ് തീരുമാനം.
രണ്ടാഴ്ച മുന്‍പാണു കോളജിലെ മറ്റൊരു വിദ്യാര്‍ഥിനിക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോളജ് ഹോസ്റ്റലിലെ 55 വിദ്യാര്‍ഥികളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇതില്‍ മറ്റ് 12 പേരുടെ സാമ്പിളുകള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. ഷിഗെല്ല, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ നടത്തിയ ഈ പരിശോധനകളില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയവയുമായി ആശുപത്രികളിലെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ഇതിലൊരാള്‍ക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്.

