അങ്കാറ: ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം 25,500-ല്‍ അധികം പേര് മരിച്ചതായാണ് ഔദ്യോഗികവിവരം. നാശനഷ്ടത്തിന്റെ തോതും ആള്‍നാശവും സംബന്ധിച്ച് പരിമിതമായ വിവരങ്ങള്‍ ലഭ്യമായ സിറിയയില്‍ നാലായിരത്തഞ്ഞൂറോളം പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് അനുമാനം. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇരുരാജ്യങ്ങളിലുമായി രക്ഷാദൗത്യത്തിനുണ്ട്.
ഭക്ഷ്യവസ്തുക്കളും മരുന്നും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ഉള്‍പ്പെടെ അവശ്യസാധനങ്ങളുമായി നിരവധി വിമാനങ്ങള്‍ എത്തുന്നുമുണ്ട്. 40,000 പുതപ്പുകള്‍ക്കു പുറമേ താല്‍ക്കാലിക ടെന്റുകളൊരുക്കാനുള്ള സാമഗ്രികളാണ് ചൈന തുര്‍ക്കിയിലേക്കു കയറ്റിഅയച്ചത്. ദുരിതബാധിതര്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മൂന്നുമാസം താമസിക്കാനുള്ള താല്‍ക്കാലിക വിസ അനുവദിക്കുമെന്നാണു ജര്‍മനിയുടെ വാഗ്ദാനം. വന്‍തുക സംഭാവനയായി നല്കിയ യു.എ.ഇക്ക് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നന്ദിയറിയിച്ചു. സഹായപ്രവാഹം തുടരുമ്പോഴും ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കും ഉള്‍പ്പെടെ ക്ഷാമം നേരിടുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.
പ്രതികൂല കാലാവസ്ഥയിലും തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.
അതിശക്തമായ ഭൂചലനമുണ്ടായി ഒരാഴ്ച തികയാറായ സാഹചര്യത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആളുകളെ ജീവനോടെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും പ്രതീക്ഷ പകര്‍ന്ന് അതിജീവനവാര്ത്തകളും പുറത്തുവരുന്നുണ്ട്. തുര്‍ക്കിയിലെ ഹാത്തെ പ്രവിശ്യയിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ 150 മണിക്കൂറിനടുത്ത് കുടുങ്ങിക്കിടന്ന 12 വയസുകാരിയെും 35 വയസുകാരനെയും രക്ഷിച്ചതാണ് അവയില്‍ ഏറ്റവും പുതിയത്. ദുരന്തത്തിനിടയിലും തുര്‍ക്കിയില്‍ കൊള്ളയടി നിര്‍ബാധം തുടരുകയാണ്. സാധനസാമഗ്രികളും പണവും മോഷ്ടിക്കുകയും ഫോണിലൂടെ തട്ടിപ്പിനു ശ്രമിക്കുകയും ചെയ്ത അന്‍പതോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു.

