വടകര: ഏറാമലയില്‍ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടസ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തിവീഴ്ത്തിയ യുവാവ് അറസ്റ്റില്‍. കായപ്പനച്ചി സ്വദേശി പുതുക്കുല്‍ താഴെക്കുനി ഷൈജു (39)വിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ തമിഴ്‌നാട്-കേരള അതിര്‍ത്തിയായ ആനക്കെട്ടി എന്ന സ്ഥലത്തുവച്ചാണ് ഷൈജു അറസ്റ്റിലായത്. അവിടെ ഒളിവില്‍ കഴിയുന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് ടീമാണ് ഷൈജുവിനെ പാലക്കാടെത്തി കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ പോലീസുകാരന്‍ അഖിലേഷ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഷൈജു അടക്കം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. നേരത്തെ ആഗ് ഓപറേഷനില്‍ നാദാപുരം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട യുവാവ് ആണ് ഷൈജു. നാദാപുരം വളയം, തലശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് കേസുകളിലും, തീവയ്പ്, അടിപിടി കേസുകളിലും പ്രതിയായിരുന്നു. 2021ല്‍ നാദാപുരം പോലീസ് ഗുണ്ട ലിസ്റ്റില്‍ പെടുത്തിയതിനെത്തുടര്‍ന്ന് നല്ല നടപ്പ് നിര്‍ദേശിച്ച് ആര്‍.ഡി.ഒ. കോടതി ജാമ്യത്തില്‍ വിട്ടതായിരുന്നു.