മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.3 കോടി രൂപ വിലവരുന്ന 2351 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നു വന്ന മലപ്പുറം സ്വദേശി സുബൈര്‍ (40), വയനാട് സ്വദേശി ഷബീര്‍ (35) എന്നിവരില്‍നിന്നാണ് 1163, 1188 ഗ്രാം വീതം വരുന്ന സ്വര്‍ണമിശ്രിതം കണ്ടെടുത്തത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് മാര്‍ക്കറ്റില്‍ 1.30 കോടി രൂപ വില മതിക്കും. കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. കള്ളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷണവും തുടര്‍നടപടികളും പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പ്രകാശ്, എം. കപില്‍ദേവ് സുരീര, ഇന്‍സ്പെക്ടര്‍ ഫൈസല്‍ എന്നിവരാണ് സ്വര്‍ണം പിടിച്ചെടുത്തത്.

