മഞ്ചേരി: എട്ടു വയസുകാരിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ജോലി ചെയ്യിപ്പിച്ച അധ്യാപികക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. അഡ്വ. എ. സുരേഷ് ചെയര്‍മാനും അഡ്വ. പി. ജാബിര്‍, അഡ്വ. ജി. രാജേഷ്‌കുമാര്‍, സി. ഹേമലത എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് കാരക്കുന്ന് പഴേടം എ.എല്‍.പി. സ്‌കൂള്‍ അധ്യാപിക സി.എച്ച്. സൗദത്തിനെതിരേ അന്വേഷണം നടത്താന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ മാനേജര്‍ എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്.
ഇക്കഴിഞ്ഞ മൂന്നിനാണു സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയോട് എച്ച്.എം. ഇന്‍ ചാര്‍ജ് കൂടിയായിരുന്ന അധ്യാപിക സ്‌കൂള്‍ വരാന്തയും ക്ലാസ്മുറികളും വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഠിനമായ ജോലിയില്‍ തളര്‍ന്ന കുട്ടി വീട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചതോടെ സംഭവം പുറംലോകമറിയുകയുമായിരുന്നു. അവശയായ കുട്ടിക്ക് പിറ്റേന്നു സ്‌കൂളില്‍ ഹാജരാകാനുമായില്ല. ഇതോടെ പിതാവ് സ്‌കൂള്‍ മാനേജര്‍ക്കും പി.ടി.എ. കമ്മിറ്റിക്കും പരാതി നല്‍കി. പിതാവിന്റെ പരാതിയടക്കം സ്‌കൂള്‍ മാനേജരാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് അപേക്ഷ നല്‍കിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെടാന്‍ അധികാരമുള്ള സ്‌കൂള്‍ മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഏറെ ഗൗരവതരമെന്ന് വിലയിരുത്തിയ കമ്മറ്റി അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

