ഐ.എം.എഫ്. സമ്മര്‍ദം: നികുതി കുത്തനെ കൂട്ടാന്‍ പാകിസ്താന്‍

ഇസ്ലാമാബാദ്: രാജ്യാന്തര നാണയനിധിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു നികുതികള്‍ കൂട്ടാന്‍ പാകിസ്താന്‍. നികുതി വര്‍ധനയിലൂടെ 17,000 രൂപ കണ്ടെത്താനാണു ശ്രമം. ഐ.എം.എഫുമായി 10 ചര്‍ച്ചകളാണ് ഇതു വരെ പൂര്‍ത്തിയായത്. അന്തിമതീരുമാനമായിട്ടില്ല. എങ്കിലും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതി വരുമാനം കൂട്ടണമെന്നുമുള്ള ഐ.എം.എഫ്. നിര്‍ദേശം നടപ്പാക്കാനാണു പാകിസ്താന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 3.39 രൂപ കൂട്ടാനുള്ള നിര്‍ദേശം പാകിസ്താന്‍ എക്കണോമിക് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകരിച്ചു. വൈദ്യുതി സബ്‌സിഡികള്‍ നിര്‍ത്തലാക്കും. കര്‍ഷകര്‍ക്കുള്ള വൈദ്യുതി സബ്‌സിഡി മാര്‍ച്ച് ഒന്നിനുശേഷം തുടരില്ല. എന്നാല്‍ പട്ടാളത്തിനുള്ള വൈദ്യുതി സബ്‌സിഡി തുടരും. ഇതിനായി സര്‍ക്കാര്‍ 45 കോടി രൂപ വകയിരുത്തും. ജി.എസ്.ടി. ഒരു ശതമാനം കൂട്ടാന്‍ പാകിസ്താന്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടെ ആകെ നികുതി 17 ശതമാനമാകും.

  • ശ്രീലങ്ക

ശ്രീലങ്കയോടുള്ള നിലപാടും ഐ.എം.എഫ്. കടുപ്പിച്ചിട്ടുണ്ട്. ഐ.എം.എഫ്. സഹായത്തോടെയാണു ശ്രീലങ്ക ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. 23930.95 കോടി രൂപയുടെ സഹായമാണു ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. കടം കുറയ്ക്കുന്നതു സംബന്ധിച്ചു വ്യക്തമായ പദ്ധതി അവതരിപ്പിച്ചാലെ സഹായം നല്‍കൂവെന്നാണ് ഐ.എം.എഫ്. നിലപാട്. അതേ സമയം, രാജ്യത്തെ പ്രതിസന്ധി ആറു മാസത്തിനകം അവസാനിക്കുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു. ജനപ്രിയമല്ലാത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അത് അല്‍പകാലംകൂടിയേ ഉണ്ടാകൂ. മൂന്നു വര്‍ഷംകൊണ്ട് എല്ലാവരുടെയും വരുമാനം 75 ശതമാനം വര്‍ധിക്കും. ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദേശകടം ഇപ്പോള്‍ 420854.55 കോടി രൂപയാണ്. ഇതില്‍ 231057.40 കോടി രൂപ നാലു വര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ക്കേണ്ടതാണ്. ശ്രീലങ്കയില്‍ ജനജീവിതം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പവര്‍ കട്ടുകള്‍ തുടരുകയാണ്. ഇന്ധന നിയന്ത്രണവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇന്ത്യ, യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീരാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന സഹായമാണു ലങ്കയുടെ മറ്റൊരു പ്രതീക്ഷ.

അടയ്ക്കാനുള്ള കടത്തിന്റെ കാര്യത്തിലും ഇളവ് അനുവദിക്കാന്‍ ഇന്ത്യ തയാറായിട്ടുണ്ട്. പക്ഷേ, ലങ്കയുടെ കടത്തില്‍ 10 ശതമാനം ചൈനയില്‍നിന്നുള്ളതാണ്. തിരിച്ചടവ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൈന സന്നദ്ധമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →