തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തില്‍ അന്വേഷണം വേണോയെന്നു തീരുമാനിക്കാന്‍ സി.പി.എം. സംസ്ഥാന സമിതിയോഗം സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ അന്വേഷണത്തിനു തീരുമാനിച്ചേക്കാം.
തനിക്കെതിരേയുള്ള ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു തുറന്നടിച്ച ഇ.പി. ജയരാജന്‍ അന്വേഷണവും ആവശ്യപ്പെട്ടു. ”റിസോര്‍ട്ടുമായി ബന്ധപ്പെട്ടു നടന്നതെല്ലാം നിയമപരമായിട്ടാണ്. ഇപ്പോള്‍ ഇതുയര്‍ത്തിക്കൊണ്ടു വരുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നു പാര്‍ട്ടി അന്വേഷിക്കണം.”-സംസ്ഥാന സമിതി യോഗത്തില്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. യോഗത്തില്‍ പി. ജയരാജനും സന്നിഹിതനായിരുന്നെങ്കിലും അദ്ദേഹമുള്‍പ്പെടെ ആരും പ്രതികരിച്ചില്ല.
ഇ.പി. ജയരാജന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെന്തെന്നുപാര്‍ട്ടി നേതൃത്വം യോഗത്തില്‍ വ്യക്തമാക്കിയിട്ടില്ല. തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി വിവിധ ജില്ലകളില്‍ നടക്കുന്ന പാര്‍ട്ടി യോഗങ്ങളിലും വിവിധതലങ്ങളിലുള്ള പരാതികള്‍ ഉയരുന്നുണ്ട്. ഇവയിലെല്ലാം ആരോപണവിധേയരുടെ വിശദീകരണം കൂടി കണക്കിലെടുത്തുള്ള പരിശോധന നടത്തിവരികയാണ്. ഡിസംബര്‍ അവസാനം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ തെറ്റുതിരുത്തല്‍ രേഖയിന്മേലുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് പി. ജയരാജന്‍, കണ്ണൂര്‍ മൊറാഴയിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരേ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. രേഖാമൂലം പരാതി നല്‍കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടെങ്കിലും പി. ജയരാജന്‍ അതിനു തയാറായില്ല. പിന്നീട് കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയുമായി പി. ജയരാജന്‍ ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു.
എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും പി.ബി. അംഗവുമായതിനു ശേഷം ഇ.പി. ജയരാജന്‍ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് തുടര്‍ച്ചയായി അവധിയെടുത്ത് വിട്ടുനില്‍ക്കുകയായിരുന്നു. ആരോപണമുയര്‍ന്ന സംസ്ഥാന സമിതി യോഗത്തിലും ഇ.പി. പങ്കെടുത്തിരുന്നില്ല. എന്നാല്‍, വിവാദം കൊഴുത്തതോടെ ഇ.പി. ജയരാജന്‍ പാര്‍ട്ടി യോഗങ്ങളില്‍ വീണ്ടും സജീവമായി.

