മലപ്പുറം: യുവാവിനെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് കാരക്കോട് ആനപ്പാറ ഇന്‍ഷാദ് (26), വഴിക്കടവ് പഞ്ചായത്തങ്ങാടി അമീര്‍ സുഹൈല്‍ (25) എന്നിവരെയാണ് എടക്കര സിഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമംഗങ്ങള്‍ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പ്രതികള്‍ കാറില്‍ സഞ്ചരിക്കവെ മുപ്പിനിയില്‍ വച്ചായിരുന്നു അറസ്റ്റ്. എടക്കരയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മാലയും മൊബൈലും കവര്‍ച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കാര്‍ തടഞ്ഞ് നിര്‍ത്തി പോലീസ് പരിശോധന നടത്തിയപ്പോള്‍ ഇവരില്‍ നിന്നു വില്‍പനക്കായി കരുതിയിരുന്ന രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. പത്ത് പാ്ക്കറ്റുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ്
വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനെ പ്രതികള്‍ സൗഹൃദം നടിച്ച് പരിചയപ്പെട്ടത്. തുടര്‍ന്നു രണ്ടു ദിവസംമുമ്പ് ഗൂഢല്ലൂരിലുള്ള വീട്ടിലേക്കു ഇയാള്‍ പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ പ്രതികള്‍ ഇയാളെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു കാറില്‍ കയറ്റുകയായിരുന്നു. നാടുകാണിയില്‍ പോലീസ് ചെക്കിംഗ് ഉള്ളതിനാല്‍ താമരശേരി വഴി ഗൂഢല്ലൂരിലേക്കു പോകാമെന്നു പറഞ്ഞു ഇയാളെ കാറില്‍ കയറ്റുകയും ഇടയ്ക്ക് മദ്യം വാങ്ങി നിര്‍ബന്ധിച്ച് പരാതിക്കാരനെ കുടിപ്പിക്കുകയും ചെയ്തു. രാത്രി കോഴിക്കോട് ചേവായൂരിലെ ലോഡ്ജില്‍ മുറിയെടുത്ത പ്രതികള്‍ അവിടെവച്ചും ഇയാള്‍ക്ക് മദ്യം നല്‍കി. മദ്യലഹരിയില്‍ മയങ്ങിയ പരാതിക്കാരന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാലയും മെബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു. പോലീസില്‍ പരാതി നല്‍കാമെന്നു പറഞ്ഞെങ്കിലും പ്രതികള്‍ ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നു.
തുടര്‍ന്നു ഇയാളെ തന്ത്രപൂര്‍വം അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയും ചെയ്തു. എടക്കരയിലെത്തിയ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി സജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണം പോയ സ്വര്‍ണമാലയും മെബൈല്‍ ഫോണും പ്രതികളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. ആഢംബര ജീവിതത്തിനും മയക്കുമരുന്നിനും പണം കണ്ടെത്താന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

