കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തില്‍ പ്രതിഷേധിച്ച് 22 ദിവസമായി തുടരുന്ന ജില്ലയിലെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ പണിമുടക്ക് ഒത്തുതീര്‍ന്നു. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഒല, ഊബര്‍ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് ഏകീകരണം അധികൃതര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
യൂണിയന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ നേടിയെടുക്കാനായി നടപടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയന്‍ രക്ഷാധികാരി പി.സന്തോഷ് കുമാര്‍ വ്യക്തമാക്കി. കൊച്ചിയിലും കോഴിക്കോട്ടും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്നതിനു കമ്പനികള്‍ വ്യത്യസ്ത നിരക്കായിരുന്നു നടപ്പാക്കിയിരുന്നത്. ഇതാണ് ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ഏകീകരിക്കാന്‍ തീരുമാനമായത്. ഇതു പ്രകാരം കോഴിക്കോട്ടും ഇനി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന്റെ അടിസ്ഥാന ചാര്‍ജ് 39 രൂപയില്‍ നിന്ന് 79 രൂപയാക്കി ഉയര്‍ത്തി. ഇതിനുപുറമെ കിലോമീറ്റിന് നേരത്തെ കോഴിക്കോട്ട് എട്ടു രൂപയായിരുന്നത് 15 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
സമരം തുടരുന്ന സാഹചര്യത്തില്‍ കമ്പനി അധികൃതരുമായി ഡ്രൈവര്‍മാര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ലേബര്‍ കമ്മീഷണര്‍ ഇടപെടുകയും ചെയ്‌തെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഒല കമ്പനി ചെറിയൊരു വര്‍ധനവിന് സന്നദ്ധമായെങ്കിലും ഈ വര്‍ധന സ്വീകാര്യമല്ലെന്ന് ഡ്രൈവര്‍മാര്‍ അറിയിക്കുകയായിരുന്നു.
അഗ്രിഗേറ്റഡ് ലൈസന്‍സ് പദ്ധതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തുക, ടാക്‌സികള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഡ്രൈവര്‍ മാര്‍ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. 27 ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
കോവിഡിന് മുമ്പ് ഡ്രൈവര്‍മാര്‍ക്ക് കമ്പനികള്‍ ഇന്‍സെന്റീവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ ലഭിക്കുന്നില്ല. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുമ്പോള്‍ വായ്പാ തിരിച്ചടവ് പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് സമര രംഗത്തേക്കിറങ്ങിയതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.

