കേരളത്തിന് വിജയത്തുടക്കം

ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ കേരളത്തിനു വിജയത്തുടക്കം. എ ഗ്രൂപ്പ് മത്സരത്തില്‍ ഗോവയെ 3-2 നാണു കേരളം തോല്‍പ്പിച്ചത്.

ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഒ.എം. ആസിഫാണ് കേരളത്തിന്റെ വിജയ ഗോളടിച്ചത്. ഫൈനല്‍ റൗണ്ടിലെ കേരളത്തിന്റെ ആദ്യ മത്സരമായിരുന്നു നടന്നത്. ഒന്നാം പകുതിയില്‍ ലഭിച്ച പൊനാല്‍റ്റി ഗോളാക്കി നിജോ ഗില്‍ബര്‍ട്ട് കേരളത്തിന്റെ അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിസ്‌വാന്‍ അലിയിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ആക്രമിച്ചു കളിച്ച ഗോവ 12 മിനിറ്റുകള്‍ക്കിടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സമനില നേടി. മുഹമ്മദ് ഹഫീസാണു രണ്ടു ഗോളുകളുമടിച്ചത്.

കര്‍ണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ഒഡീഷ 1-1 നു മഹാരാഷ്ട്രയെ സമനിലയില്‍ കുരുക്കി.
57-ാം മിനിറ്റില്‍ അര്‍മാന്‍ശ് അന്‍സാരി മഹാരാഷ്ട്രയെ മുന്നിലെത്തിച്ചു. കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കേ ചന്ദ്ര മുദുലി ഒഡീഷയ്ക്കു വേണ്ടി സമനില ഗോളടിച്ചു. ബി ഗ്രൂപ്പില്‍ കര്‍ണാടകയും പഞ്ചാബും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയില്‍ അവസാനിച്ചു.

കമല്‍ദീപ്, ബിപുല്‍ കാല എന്നിവര്‍ പഞ്ചാബിനു വേണ്ടി ഗോളടിച്ചു. കര്‍ണാടകയ്ക്കു വേണ്ടി പി. കമലേഷ് 82-ാം മിനിറ്റിലും റോബിന്‍ യാദവ് ഇഞ്ചുറി ടൈമിലും ഗോളടിച്ചു. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണു മത്സരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമി ഫൈനലില്‍ കടക്കും. സെമി മത്സരങ്ങളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലാണു നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →