തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 63 അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത മുഴുവന്‍ സീറ്റുകളിലും മറ്റു വിഭാഗങ്ങളെ നിയമിച്ചെന്ന് ആരോപണം.
ഭരണഘടനാ തത്വങ്ങള്‍ക്കും കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആക്ട്, ചട്ടങ്ങളും ലംഘിച്ചാണ് സംവരണ തിരിമറി നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം. ആറ് തസ്തികളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമിക്കേണ്ടിയിരുന്ന മലയാളം, സൈക്കോളജി, സംസ്‌കൃതം, ബോട്ടണി പഠന വകുപ്പുകളിലെ ഒഴിവുകള്‍ ജനറല്‍, മുസ്ലിം, ഈഴവ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ വച്ച് നികത്തുകയായിരുന്നു.
മലയാളം പഠനവിഭാഗത്തില്‍ രണ്ട് എസ്.എസി. വിഭാഗം സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒന്നില്‍ പോലും ഈ വിഭാഗത്തെ പരിഗണിച്ചില്ല. പകരം രണ്ടും ഓപണ്‍ സീറ്റുകളായി പരിഗണിച്ച് ജനറല്‍ വിഭാഗക്കാരെ നിയമിക്കുകയായിരുന്നു. ഇതുവഴി പട്ടികജാതി ഉദ്യോഗാര്‍ഥികളായ ഡോ. എസ്.എസ്. താര, ഡോ.സുരേഷ് പുത്തന്‍പറമ്പില്‍ എന്നിവര്‍ക്ക് അവസരം നഷ്ടമായി. ഏറെ വര്‍ഷത്തെ കോളജ് അധ്യാപനപരിചയമുള്ള അധ്യാപികയും ഏറ്റവും നല്ല പി.എച്ച്.ഡി പ്രബന്ധത്തിന് അവാര്‍ഡ് നേടിയ ഗവേഷകയുമാണ് ഡോ. താര. സൈക്കാളജി പഠനവകുപ്പില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ അര്‍ഹനായ ഉദ്യോഗാര്‍ഥിയെ തഴഞ്ഞ് ഓപ്പണ്‍ വിഭാഗത്തില്‍നിന്നാണ് നിയമിച്ചിരിക്കുന്നത്. അതേസമയം സംസ്‌കൃത പഠന വകുപ്പില്‍ ഒരു എസ്.സി. സീറ്റും ഒരു എസ്.ടി സീറ്റുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഡോ. ശ്യാംകുമാര്‍, ഡോ. ഗീതുനാഥ് എന്നീ എസ്.സി/എസ്.ടി ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയിരിക്കുന്നത്. ബോട്ടണി പഠന വകുപ്പില്‍ എസ്.സി/എസ്.ടി സംവരണ ഒഴിവില്‍ അര്‍ഹനായ ഡോ. കെ. അനില്‍രാജ് എന്ന ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കാതെ ഒഴിച്ചിട്ടിരിക്കുകയാണ്.
സംവരണനയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സുപ്രീം കോടതി പ്രഖ്യാപിച്ച സുപ്രധാനവിധികളുടെ നേരിട്ടുള്ള ലംഘനവുമാണ് ഈ നടപടിയെന്ന് സിന്‍ഡിക്കേറ്റ്
അംഗം ഡോ. റഷീദ് അഹമ്മദ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയിലെ സംവരണ നയങ്ങളുടെ ലംഘനം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സാമൂഹികനീതിയുടെയും തത്വങ്ങള്‍ക്കനുസൃതമായി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡോ. റഷീദ് അഹമ്മദ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ സംവരണ റൊട്ടേഷന്‍ ചാര്‍ട്ട് നിയമവിരുദ്ധമാണെന്നും അത് പുനഃക്രമീകരിക്കണമെന്നും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചമുമ്പ് ഉത്തരവിട്ടിരുന്നു. പരാതിക്കാരിയെ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍റായി നിയമനം നല്‍കണമെന്നും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു.