കേസില്‍ വ്യാജരേഖ ചമയ്ക്കല്‍; പോലീസിന്റെ അറിവോടെയെന്ന്

കൊച്ചി: കോടതികളില്‍ വ്യാജരേഖകള്‍ ഹാജരാക്കുന്നതായി ആക്ഷേപമുയരുമ്പോഴും യഥാവിധി അന്വേഷിക്കാന്‍ സംവിധാനമില്ല. രംഗം കോടതിയായതിനാല്‍, പിന്നീടു പരാതിയുമായി പോകാന്‍ പലരും കൂട്ടാക്കുന്നില്ല. കോടതിക്കാര്യമാണെന്നു പറഞ്ഞു കക്ഷികളില്‍ അനാവശ്യ ഭീതിയുണ്ടാക്കി പരാതി നല്‍കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്ന സ്ഥിതിയുമുണ്ട്.

ജാമ്യാപേക്ഷകളിലാണു പലപ്പോഴും വ്യാജരേഖകള്‍ ഹാജരാക്കുന്നത്. ഇതു എതിര്‍ കക്ഷിയും അറിയാറില്ല. കേസ് തോറ്റശേഷം പിന്നീടു കേസുമായി മുന്നോട്ടുപോകുന്നവരും കുറവാണ്. പല സന്ദര്‍ഭത്തിലും പോലീസിന്റെ അറിവോടെയാണു വ്യാജരേഖ ചമയ്ക്കുന്നത്. അല്ലാത്തപക്ഷം കണ്ടുപിടിയ്ക്കപ്പെടാന്‍ സാധ്യതയുണ്ട്. ഒരു ഘട്ടത്തില്‍ ഗവ. അഭിഭാഷകരും കണ്ണടയ്ക്കുന്നതോടെ പ്രതി രക്ഷപെടുകയാണ്.

എസ്.സി./എസ്.ടി. സമുദായാംഗത്തെ ജാതിപ്പേരു വിളിച്ച് അപമാനിച്ചെന്ന കേസില്‍ പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതു പരാതിക്കാരനെ കേള്‍ക്കാതെയാണ്. പോലീസ് കോടതി നോട്ടീസ് നല്‍കിയില്ലെന്നാണു ഗവ. പ്ലീഡര്‍ പറയുന്നതെങ്കില്‍ കോടതിയില്‍ നിന്നു നോട്ടീസ് തങ്ങള്‍ക്കു എത്തിയിട്ടില്ലെന്നാണു പോലീസിന്റെ വാദം. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.പോലീസും അഭിഭാഷകരും ഇടനിലക്കാരും ചേര്‍ന്നുള്ള ജാമ്യമാഫിയ പ്രവര്‍ത്തിക്കുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. പലപ്പോഴും പോലീസ് സ്‌റ്റേഷനില്‍ വച്ചാണു വ്യാജരേഖ ചമയ്ക്കുന്നത്. പീഡനക്കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കി പ്രതികള്‍ രക്ഷപെടുന്നതും പതിവാണ്. ഇരകളായ പെണ്‍കുട്ടികളെ സ്വാധീനിച്ചും അതിനു തയാറാകാത്തവരെ കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയും മറ്റുമാണു പരാതി പിന്‍വലിയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നും പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →