കൊച്ചി: കഥ പറയാന്‍ വീട്ടിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു യുവതി നാലുവര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ പറയുന്നത്. എറണാകുളത്തു തിരക്കഥാരചന കോഴ്‌സ് പൂര്‍ത്തിയാക്കിയ യുവതി, താന്‍ എഴുതിയ കഥ കേള്‍പ്പിക്കാനാണു ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന്, നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. 2018 സെപ്റ്റംബര്‍ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു. കോടതി രഹസ്യമൊഴി രേഖപ്പെടുത്തി ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. യുവതി പണം ആവശ്യപ്പെട്ടു തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉണ്ണി മുകുന്ദന്‍ ചേരാനെല്ലൂര്‍ പോലീസിലും പരാതി നല്‍കി.
കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്തു നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പായെന്ന മട്ടില്‍ രഹസ്യപ്രചാരണം നടന്നു. ഇതോടെയാണു കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.സിനിമയുടെ കഥ കേള്‍ക്കാന്‍ വലിയ താല്‍പര്യമൊന്നും ഉണ്ണി പ്രകടിപ്പിച്ചില്ലെന്നാണു യുവതി പറയുന്നത്. തിരക്കഥ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതുകൊണ്ടുവരാന്‍ വേണ്ടി ഇറങ്ങവേ ഉണ്ണി മുകുന്ദന്‍ തന്നെ കയറി പിടിച്ചെന്നും ബലമായി മുഖത്തു ചുംബിക്കാന്‍ ശ്രമിച്ചെന്നും മറ്റുമാണു യുവതിയുടെ ആരോപണം. താന്‍ ശക്തമായി പ്രതിരോധിച്ചപ്പോഴാണ് ശ്രമം ഉപേക്ഷിച്ചതെന്നും യുവതി പറയുന്നുണ്ട്. അവിടെ വച്ചു താന്‍ ബഹളംവച്ചതായും പ്രശ്‌നം രൂക്ഷമാകുമെന്നു മനസിലായപ്പോഴാണു നടന്‍ തന്നെ വിട്ടയച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
താന്‍ കോടതിയെ സമീപിക്കാതെ നേരിട്ടു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ ഉണ്ണി മുകുന്ദന്‍ അറസ്റ്റിലായേനേ എന്നാണു യുവതിയുടെ വാദം. സ്വകാര്യതയെ ഭയന്നു മാത്രമാണന്നു പോലീസില്‍ പരാതി നല്‍കാതിരുന്നത്. വീട്ടുകാരും പരാതിയുമായി മുന്നോട്ടു പോകുന്നതിനോടു സഹകരിച്ചിരുന്നില്ലെന്നും യുവതി പറയുന്നുണ്ട്.

