തിരുവനന്തപുരം: നികുതി വര്‍ധനയ്ക്കും ഇന്ധന സെസിനുമെതിരേ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടെ ഇടതുസര്‍ക്കാരിനെ കുത്തി സി.എ.ജി. റിപ്പോര്‍ട്ടും. 7100 കോടി രൂപയുടെ റവന്യു കുടിശിക അഞ്ചുവര്‍ഷത്തിലേറെയായിട്ടും പിരിച്ചെടുക്കാന്‍ ധനവകുപ്പിനായില്ലെന്ന് വിമര്‍ശനം. കുടിശിക കുന്നുകൂടി 21,797.86 കോടിയായി. മൊത്തം റവന്യുവരുമാനത്തിന്റെ 22.33 ശതമാനമാണിതെന്നും സി.എ.ജി റിപ്പോര്‍ട്ട്.
ധനപ്രതിസന്ധി മറികടക്കാന്‍ കൃത്യമായ ഇടപെടലുകള്‍ അനിവാര്യമാണെന്നിരിക്കെ, സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുവിട്ടിരിക്കുന്നത്.
2021 മാര്‍ച്ച് വരെയുള്ള മൊത്തം റവന്യുകുടിശികയാണ് 21,797.86 കോടി രൂപ. ഇതില്‍ 6,422.49 കോടി രൂപയും (29.43%) സര്‍ക്കാരില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനുള്ളതാണ്. അഞ്ചുവര്‍ഷത്തിലേറെയായി കുടിശികയുള്ള 7,100 കോടിയില്‍ എക്‌െസെസ് വകുപ്പിന്റെ 1952 മുതലുള്ള കുടിശികയുമുണ്ട്. 1,905.89 കോടിയുടെ കുടിശിക എഴുതിത്തള്ളാന്‍ സര്‍ക്കാരിലേക്ക് അയച്ചുകൊടുത്തെങ്കിലും അതിലും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. സ്‌റ്റേ കാരണം 6,143.28 കോടി രൂപയുടെ വീണ്ടെടുക്കല്‍ മുടങ്ങിയെന്നും ഇന്നലെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ സമര്‍പ്പിച്ച 2019-20 കലണ്ടര്‍ വര്‍ഷങ്ങളിലെ സി.എ.ജി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ നികുതി വരുമാനം 2019-20ല്‍ 50,323.14 കോടി രൂപയായിരുന്നെങ്കില്‍, 2020-21ല്‍ 47,660 കോടിയായി കുറഞ്ഞു. ഇക്കാലയളവില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഭജിത നികുതിയിലും വലിയ കുറവുണ്ടായി.
2017-18 മുതല്‍ സംസ്ഥാനത്ത് വിഭജിത നികുതി കുറഞ്ഞുവരികയാണ്. 2019-20ല്‍ 16,401.05 കോടിയായിരുന്നു. 2020-21ല്‍ 11,560 കോടിയായി കൂപ്പുകുത്തി.
റവന്യു വകുപ്പിന് കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും അവ ഈടാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഗുരുതര വീഴ്ചയെന്നാണ് സി.എ.ജിയുടെ നിരീക്ഷണം.
നികുതിയേതര വരുമാനത്തിലടക്കം ഗണ്യമായ കുറവുണ്ടായി. ബജറ്റില്‍ കണക്കാക്കിയതിനെക്കാള്‍ 49.16% കുറവാണ് 2020-21ല്‍ സമാഹരിച്ചത്. ബജറ്റ് നിയന്ത്രണത്തില്‍ കുറേക്കൂടി യാഥാര്‍ഥ്യബോധം വേണമെന്നും സി.എ.ജി റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.

