തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാള്‍ കേരളത്തിലെ ആളുകളുടെ പ്രതിശീര്‍ഷ വരുമാനം കൂടുതലാണെന്ന് ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പന്നം 2021-22ല്‍ 1,62,992 രൂപയായിരുന്നു. ആനുപാതിക ദേശീയ ശരാശരി 1,07,670 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 2021-22ല്‍ ദേശീയതലത്തില്‍ ഒരാളുടെ ശരാശരി വരുമാനത്തേക്കാള്‍ കൂടുതലാണ് കേരളത്തിലെ ഒരാളുടെ ശരാശരി വരുമാനമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. സംസ്ഥാനത്തിന്റെ ധനകമ്മിയും റവന്യുകമ്മിയും കുറയുകയും മൂലധന അടങ്കല്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മൂലധനചെലവു കുറയുമെന്നും സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പന്നവും തമ്മിലുള്ള അനുപാതം 2020-21 ലെ 2.51 ശതമാനത്തില്‍നിന്ന് 2021-22ല്‍ 2.29 ശതമാനമായി കുറഞ്ഞു. ധന കമ്മിയും മൊത്ത ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2020-21 ലെ 4.57 ശതമാനത്തില്‍നിന്നും 2021-22ല്‍ 4.11 ശതമാനമായി കുറഞ്ഞു, അത് 2022-23ല്‍ 3.91 ശതമാനമായി കുറയുമെന്ന് കണക്കാക്കുന്നു.
2021-22 ല്‍ റവന്യൂ വരുമാനം മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 2020-21 ലെ 12.66 ശതമാനത്തില്‍നിന്നും നേരിയതോതില്‍ വര്‍ധിച്ച് 12.86 ശതമാനമായി. 2022-23 ലെ ബജറ്റു കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെയും നികുതിയേതര വരുമാനത്തിന്റെയും വര്‍ധന യഥാക്രമം 27.01 ശതമാനവും 12.49 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കുന്നു. അതായത് സംസ്ഥാനത്തിന്റെ മൊത്ത വരുമാനം 19.94 ശതമാനമായി വര്‍ധിക്കും.
എന്നിരുന്നാലും 2021-22ല്‍ കേന്ദ്ര നികുതികളുടെയും ഗ്രാന്റിന്റെയും വിഹിതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 0.82 ശതമാനം കുറവ് രേഖപ്പെടുത്തി. 2022-23 ബജറ്റ് കണക്കുകള്‍ പ്രകാരം മൂലധന അടങ്കല്‍ 4.93 ശതമാനം വര്‍ധിക്കുമെന്നും അതേസമയം മൂലധനച്ചെലവ് 3.08 ശതമാനം കുറയുമെന്നുമാണ് കണക്കാക്കുന്നത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുപ്രകാരം, ഇന്ത്യയിലെ സംയോജിത ഉപഭോക്തൃ വിലസൂചിക 2022 സെപ്റ്റംബറില്‍ 7.41 ശതമാനമായിരുന്നപ്പോള് കേരളത്തിന്റേത് 6.45 ശതമാനമായിരുന്നു. വിവിധ ഉത്തേജക പാക്കേജുകളിലൂടെയാണ് സംസ്ഥാനത്തിനു സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിച്ചത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് അവശ്യസേവനങ്ങള്‍, സാധനങ്ങള്‍, പണം എന്നിവ നല്കി ആശ്വാസം നല്കാന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. സാമ്പത്തിക സൂചകങ്ങള്‍ സുസ്ഥിരമായി നിലനിര്‍ത്താന്‍ സംസ്ഥാനം വിവേകപൂര്‍ണ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സാമ്പത്തികാവലോകനം ചൂണ്ടിക്കാട്ടുന്നു.

