ബജറ്റ് 2023: നവ ഇന്ത്യ യാഥാര്‍ത്ഥ്യത്തിലേക്കോ?

ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തിനു മുന്‍പാകെ അവതരിപ്പിച്ചിരിക്കുന്ന ബജറ്റിനെ വിലയിരുത്തേണ്ടത് കേവലം പ്രഖ്യാപനങ്ങളെ മുന്‍നിര്‍ത്തിയാവരുത്. മറിച്ച്, ബജറ്റിന്റെ നിര്‍വ്വചനത്തിനും ഉദ്ദേശ-ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുമായിരിക്കണം. അതോടൊപ്പം, കടുത്ത വെല്ലുവിളികളിലൂടെയാണ് കഴിഞ്ഞ മൂന്നുവര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കടന്നുപോയത് എന്നതും ഓര്‍ക്കണം. കോവിഡ്-19 മഹാമാരി, യുക്രൈന്‍ യുദ്ധം, അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ കര്‍ശന പണനയം എന്നിവ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചു. ഇന്ത്യയെയും അതു ബാധിച്ചു. ഇന്ത്യയുടെ ബൃഹത്തായ അനൗപചാരിക മേഖലയ്ക്ക് കോവിഡ് വലിയ ആഘാതമാണേല്‍പ്പിച്ചത്. കൂടിയതോതിലുള്ള തൊഴില്‍നഷ്ടവും വരുമാനനഷ്ടവുമുണ്ടായി. സാമ്പത്തിക വളര്‍ച്ചയ്ക്കുവേണ്ടിയുള്ള ഉത്തേജനപദ്ധതിക്കും ഭക്ഷ്യസുരക്ഷയ്ക്കും വളം സബ്സിഡിക്കുമായി സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവന്നത് ധനക്കമ്മി വര്‍ധിപ്പിച്ചു. യു.എസില്‍ പലിശനിരക്കുകള്‍ വര്‍ധിച്ചതോടെ ഇന്ത്യയില്‍നിന്ന് പുറത്തേക്ക് മൂലധനത്തിന്റെ ഒഴുക്കുണ്ടായി. 2022ല്‍ രൂപയുടെ മൂല്യം 11 ശതമാനം ഇടിഞ്ഞു. അതുകൊണ്ട് തന്നെ ബജറ്റില്‍ പ്രധാനമായും രണ്ട് കാര്യങ്ങളെയാണ് അഭിമുഖീകരിക്കേണ്ടത്. രാജ്യത്തിന്റെ പുരോഗതിയും അതോടൊപ്പം തന്നെ ജനങ്ങളുടെ അഭിവൃദ്ധിയും.

സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷ

സര്‍ക്കാരിന്റെ വരവ്- ചെലവ് കണക്കുകള്‍ തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. ഈ ധനക്കമ്മി കുറച്ചു കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ബജറ്റ് 2023 – 24ല്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് 7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 6.4 ശതമാനമെന്ന ലക്ഷ്യം കൈവരിക്കുമെന്ന സാധ്യതയാണ് ധനമന്ത്രി രേഖപെടുത്തിയിരിക്കുന്നത്. 2023-24ല്‍ അത് 5.9 ശതമാനമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വിലക്കയറ്റം കുറയ്ക്കുക, കേന്ദ്രസര്‍ക്കാരിന്റെ ധനസ്ഥിതി കുറേക്കൂടി മെച്ചപ്പെടുത്തുക, അതോടൊപ്പം കയറ്റുമതിയില്‍ വര്‍ധനവുണ്ടാക്കുക, എല്ലാ മേഖലകളിലും കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുക ഇങ്ങനെ ആകെ സമ്പദ്ഘടനയെ മുന്നോട്ട് നയിക്കാന്‍ സഹായകരമായൊരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്

ഉത്തേജകമാവുന്ന മറ്റ് വസ്തുതകള്‍

2021 സാമ്പത്തിക വര്‍ഷത്തെ ഇടിവിനുശേഷം ജിഎസ്ടി ഉയര്‍ന്നു. കോവിഡിന് മുമ്പുള്ള നിലവാരത്തിലെത്തി.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവില്‍ 63.4ശതമാനം വര്‍ധനവുണ്ടായി

റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂലമുണ്ടായ വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധം സഹായിച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ വളര്‍ച്ച 2022 ജനുവരി-നവംബര്‍ മാസങ്ങളില്‍ 30.5ശതമാനം കൂടുതലാണ്.

പിഎം ഗതിശക്തി, നിര്‍മാണവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎല്‍ഐ), നാഷണല്‍ ലോജിസ്റ്റിക്സ് പോളിസി തുടങ്ങിയവ സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമായി.

ധനക്കമ്മി ഏകീകരിക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ച് 2025 -26 സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതും. 2023-24ല്‍ കേന്ദ്രം 27.2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 45 ലക്ഷം കോടി രൂപയായിരിക്കും ആകെ ചെലവെന്നാണ് വിലയിരുത്തല്‍. 23.3 ലക്ഷം കോടിയുടെ അറ്റ നികുതി വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ കേന്ദ്രം വിപണിയില്‍ നിന്ന് 15.43 ലക്ഷം കോടി രൂപ കടമെടുക്കും. 2022-23ലേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് 39 ലക്ഷം കോടി രൂപ ആയിരുന്നെങ്കിലും 41 ലക്ഷം കോടി രൂപയാക്കി പരിഷ്‌കരിച്ചിരുന്നു. മൂലധന ചെലവില്‍ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അതിന്റെ ഭാഗമായി മൂലധന ചെലവ് 7.5 ലക്ഷം കോടി എന്നത് ഉയര്‍ത്തി പത്ത് ലക്ഷം കോടിയാക്കി. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് അവരുടെ മൂലധന ചെലവിനായി പലിശ രഹിത വായ്പകളും അനുവദിച്ചു. മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനം വരെ ധനക്കമ്മിയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

യാഥാര്‍ഥ്യങ്ങളെ നേരിടുന്നോ? കാര്‍ഷികമേഖലയെ തഴഞ്ഞോ?

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയായി വളര്‍ത്തും എന്ന 2019ലെ ആദ്യ ബജറ്റിലെ പ്രഖ്യാപനം ഓര്‍മ്മപെടുത്തും വിധം യാഥാര്‍ഥ്യങ്ങളെ നേരിടാതെ പ്രതീക്ഷകളെ മാത്രം മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ നിറഞ്ഞതാണ് ഈ ബജറ്റും. മൂലധനചിലവ്, ഡിജിറ്റല്‍ ടെക്‌നോളജി, ഗ്രീന്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ, ഈസി ഓഫ് ബിസ്സിനസ്സ്, കാലാവസ്ഥാ വ്യതിയാനം, ആത്മനിര്‍ഭന്‍, നികുതി തുടങ്ങിയവ ബജറ്റ് പ്രസംഗത്തില്‍ പ്രകടമായപ്പോള്‍ സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ, പട്ടിണി, ഭക്ഷ്യസുരക്ഷ, അസംഘടിത മേഖല, ദിവസവേതനക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍, വനിതാവികസനം, യുവജനങ്ങള്‍ മേഖലകളില്‍ വേണ്ടിയിരുന്ന ഇടപെടല്‍ കുറഞ്ഞുപോയി എന്നുള്ളത് സത്യമാണ്. കാര്‍ഷിക മേഖലയെ ആശ്രയിക്കുന്ന ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനം ആറു വര്‍ഷംകൊണ്ട് ഇരട്ടിയാക്കും എന്നുള്ള ഒരു ബജറ്റ് പ്രഖ്യാപനം 2016ല്‍ നടത്തിയിരുന്നു. ഈ പ്രഖ്യാപനത്തെ തന്നെ മറന്നുകൊണ്ട്, കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം പകരുന്ന പദ്ധതികള്‍ ബജറ്റില്‍ വളരെ കുറവാണെന്ന് പറയാം. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും. പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും.കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കാര്‍ഷിക ഉത്തേജക ഫണ്ട് രൂപീകരിക്കും. ഹരിത വികസനത്തിനായി ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19700 കോടി ബജറ്റില്‍ നീക്കി വെച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കുമെന്നും പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും ഇതൊക്കെയാണ് മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
വള സബ്‌സിഡി മുന്‍കാലങ്ങളെക്കാള്‍ വെട്ടിക്കുറച്ചത് കര്‍ഷകരെ ബാധിക്കും. പെട്രോളിയം സബ്‌സിഡി നല്‍കുന്ന പാചകവാതക സബ്‌സിഡിയും 2223 ബജറ്റിനേക്കാള്‍ വെട്ടിക്കുറച്ചു.കൃഷി അനുബന്ധ പദ്ധതികള്‍ക്ക് ബജറ്റ് വകയിരുത്തിയ തുക കുറവാണ്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവിലയെ കുറിച്ച് പരാമര്‍ശമില്ല.

പി എം കിസാന്‍ പദ്ധതിക്കുള്ള ബജറ്റ് വിഹിതവും വെട്ടി കുറച്ചു. മുന്‍ ബജറ്റില്‍ 66, 825 കോടി വകയിരുത്തിയത് പുതിയ ബജറ്റില്‍ 60,000 കോടിയായി കുറച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയായ എം എന്‍ ആര്‍ ജി പദ്ധതിക്ക് 89,400 കോടിയില്‍നിന്ന് 60,000കോടിയായി കുറച്ചു.ദാരിദ്രനിര്‍മമാര്‍ജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചതാണ് സാധാരണക്കാരനെ ബാധിക്കുന്ന പ്രധാന വസ്തുതകളിലൊന്ന്. 2018-19ല്‍ തൊഴിലുറപ്പുപദ്ധതിക്ക് 61084 കോടിരൂപയാണ് അനുവദിച്ചത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വിഹിതം അറുപതിനായിരം കോടിരൂപയാണ്. 2017-18ല്‍ 68107.86 കോടിരൂപ നീക്കിവച്ചിടത്താണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ച തുകയുടെ പകുതിയോളം മാത്രമാണ് നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം 1,07,000 കോടി രൂപയാണ് വിതരണം ചെയ്തത്. അപ്പോഴും സാമ്പത്തികവര്‍ഷം അവസാനം 10,000 കോടിയോളം രൂപ കുടിശികയായിരുന്നു. 1,20,000 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ആവശ്യമായിരുന്നത്. 2022-23 (നടപ്പു) സാമ്പത്തിക വര്‍ഷം വകയിരുത്തിയിരിക്കുന്നത് 63,000 കോടി മാത്രമാണ്.

കൊവിഡില്‍ തകര്‍ന്നവരെ പരിഗണിച്ചിട്ടില്ല

കോവിഡ് മൂലം ജീവിതം തകര്‍ന്നവരെ പരിഗണിച്ചിട്ടില്ല എന്നതാണ് ബജറ്റിലെ പ്രധാന ന്യൂനത. കോവിഡ് പ്രതിസന്ധിയെ രാജ്യം മറികടന്നുവെന്നുള്ള നിലപാടാണ് ബജറ്റില്‍ ധനമന്ത്രിക്കുള്ളത്.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് നഷ്ടപ്പെട്ട ജോലിയും ജീവിത മാര്‍ഗവും പഴയതുപോലെ തിരികെ ലഭിച്ചിട്ടില്ല, നിരവധി ആളുകള്‍ ദാരിദ്ര്യത്തിലേക്ക് പോയി. ഇങ്ങനെ കോവിഡ് മൂലം വലിയ തകര്‍ച്ചയെ നേരിട്ടവരെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു നയസമീപനം ബജറ്റിലില്ല. ചെറുകിടക്കാര്‍, ചെറുകിട തൊഴില്‍ ചെയ്യുന്നവര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, കര്‍ഷകര്‍ അങ്ങനെയുള്ള വിഭാഗത്തില്‍ പെട്ടവര്‍ വലിയ ദാരിദ്ര്യത്തിലേക്ക് പോയി. അവര്‍ക്കുവേണ്ടിയുള്ള കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലില്ല.
കോവിഡ് സാഹചര്യത്തില്‍ വിദ്യഭ്യാസ രംഗത്ത് പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സിന് ഒരു ടി.വി. ചാനല്‍ നിര്‍ദ്ദേശം സ്വാഗതപരമെങ്കിലും നിലനില്‍ക്കുന്ന ഡിജിറ്റല്‍ ഡിവൈഡ് എന്ന യാഥാര്‍ഥ്യത്തെ മറി കടന്നുകൊണ്ടു മാത്രമേ ഫലപ്രദമാകുകയുള്ളു.

അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍

അടിസ്ഥാനസൗകര്യ വികസനരംഗത്ത് അസൂയാര്‍ഹമായ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. ഭാരത് മാല, സാഗര്‍ മാല, ഗതി ശക്തി തുടങ്ങിയ പദ്ധതികള്‍ സമ്പദ്വ്യവസ്ഥയുടെ ഘടനതന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ ദേശീയപാതാ ശൃംഖല ഇരട്ടിയായി. വ്യോമയാന ഗതാഗതരംഗം മൂന്നിരട്ടി വളര്‍ന്നു. ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി 40 മടങ്ങാണ് വര്‍ധിച്ചത്. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (ഖഅങ) ത്രിത്വം മികച്ച സാമൂഹിക സുരക്ഷാ ശൃംഖലയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ പ്രഖ്യാപനങ്ങളും യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നത് തന്നെയാണ്.

ആദായനികുതിയിളവ്

ആദായനികുതിയിലെ അടിസ്ഥാന ഇളവ് 2.5 ലക്ഷമായി നിശ്ചയിച്ചത് 2014-ലാണ്. ഇളവുപരിധി വര്‍ധിപ്പിക്കേണ്ടത് ആവശ്യമായതുമാണ്. അതാണ് ബജറ്റില്‍ ഉണ്ടായതും. ഇന്ത്യ ജി 20 അധ്യക്ഷപദവി ഏറ്റെടുത്തശേഷമുള്ള ആദ്യ ബജറ്റാണിത്. ഉറച്ച സാമ്പത്തികവളര്‍ച്ചയ്ക്കും ആഗോള അഭിവൃദ്ധിക്കുമാണ് ജി 20 പ്രയത്‌നിക്കുന്നത്. അതിനാല്‍ ദോഷകരമായ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു പകരം ശരിയായ സാമ്പത്തിക കാഴ്ചപ്പാടുകളോടെയുള്ള പ്രഖ്യാപനങ്ങളായിരിക്കും ധനമന്ത്രി നടത്തുകയെന്നു കരുതാം.

സില്‍വര്‍ലൈന്‍ പരിഗണിച്ചില്ല, പുതിയ എയിംസുമില്ലാതെ കേരളം

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാന്‍ കഴിയുക. തിരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ 5300 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് സംസ്ഥാനത്തിന്റെ പേരെടുത്തു പറഞ്ഞുള്ള ബജറ്റിലെ പ്രധാന പദ്ധതി.സില്‍വര്‍ലൈന്‍ പദ്ധതിക്ക് എത്രയും വേഗം അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. സില്‍വര്‍ലൈനില്‍ അനുകൂല തീരുമാനം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയില്ലായിരുന്നെങ്കിലും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സെന്റര്‍ ഇത്തവണയെങ്കിലും ലഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. പുതിയ എയിംസിന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല. കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 150 ഏക്കറോളം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വര്‍ഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടിട്ടും എയിംസിനായുള്ള കേരളത്തിന്റെ അഭ്യര്‍ഥന കേന്ദ്രം പരിഗണിച്ചില്ല.പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്കു നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് കേരളത്തിന്റെ ആവശ്യമായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റില്‍ അവയൊന്നും ഇടംപിടിച്ചില്ല.മൂന്നു ലക്ഷംപേര്‍ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയില്‍ ജീവനക്കാരില്‍ അധികവും സ്ത്രീകളാണ്. ഇവര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. അതും നടന്നില്ല

റെയില്‍വേയില്‍ സമഗ്ര മാറ്റത്തിനാണ് കേന്ദ്രം

കേന്ദ്ര ബജറ്റില്‍ റെയില്‍വേക്ക് 2.40 ലക്ഷം കോടിയാണ് അനുവദിച്ചിരിക്കുന്നത്. 2014ന് ശേഷം റെയില്‍വേക്ക് ഏറ്റവും ഉയര്‍ന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വര്‍ഷത്തിലാണ്, റെയില്‍വേയില്‍ സമഗ്ര മാറ്റത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകള്‍ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനും പുതിയ പാതകള്‍ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയില്‍വേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പിഎം ?ഗതിശക്തി, നാഷണല്‍ ലോജിസ്റ്റിക്‌സ് പദ്ധതികളിലെ പ്രധാന ഭാഗം റെയില്‍വേയാണ്. റെയില്‍വേക്ക് മൂലധനച്ചെലവുകള്‍ക്കായി 1.37 ലക്ഷം കോടി രൂപയും റവന്യൂ ചെലവുകള്‍ക്കായി 3,267 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ വിഹിതത്തേക്കാള്‍ 17% വര്‍ധനയാണ് റെയില്‍വേ ഫണ്ടിലുണ്ടായത്. നടപ്പുവര്‍ഷത്തില്‍, ഒക്ടോബര്‍ 31-ഓടെ ബജറ്റ് വിഹിതത്തിന്റെ 93% പൂര്‍ത്തിയാക്കി. ചരക്ക്, യാത്രക്കാരുടെ വരുമാനത്തില്‍ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധനവുണ്ടായി. യാത്രക്കാരുടെ വരുമാനം നവംബര്‍ 30 വരെ 76% ഉയര്‍ന്നപ്പോള്‍ ചരക്ക് വരുമാനം 16% ഉയര്‍ന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലും വരുമാന വര്‍ധനവുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →