മോ ഫറാ വിരമിക്കുന്നു

ലണ്ടന്‍: ബ്രിട്ടന്റെ ഇതിഹാസ താരവും നാലുവട്ടം ഒളിമ്പിക് ചാമ്പ്യനുമായ മോ ഫറാ വിരമിക്കുന്നു. 39 വയസുകാരനായ ഫറാ ഏപ്രിലില്‍ നടക്കുന്ന ലണ്ടന്‍ മാരത്തണോടെ വിരമിക്കുമെന്നാണു പ്രഖ്യാപിച്ചത്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 5000, 10,000 മീറ്റര്‍ ഓട്ട മത്സരങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. 2016 ലെ റിയോ ഒളിമ്പിക്‌സിലും മികവ് ആവര്‍ത്തിച്ചു. ലാസി വിറേനു ശേഷം 5000, 10,000 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടുവട്ടം സ്വര്‍ണം നേടുന്ന താരമായി. ഏപ്രില്‍ 23 നാണു ലണ്ടന്‍ മാരത്തണ്‍. കഴിഞ്ഞ വര്‍ഷം മത്സരിക്കാനായില്ല. പാരീസില്‍ നടക്കുന്ന 2024 ഒളിമ്പിക്‌സില്‍ മത്സരിക്കില്ലെന്നു ഫറ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്നും താരം പറഞ്ഞിരുന്നു. ഈ വര്‍ഷത്തോടെ ട്രാക്കിനോടു വിടപറയാനാണ് ഫറ ഉദ്ദേശിക്കുന്നത്.

2019 ലാണു ഫറ അവസാനം ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്തത്. അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്ത താരം ആരാധകരെ നിരാശപ്പെടുത്തി. 2018 ലെ വെങ്കല മെഡല്‍ ജേതാവായിരുന്നു. ഫറയുടെ ഇവിടുത്തെ ഏറ്റവും മികച്ച പ്രകടനവും അതാണ്. 2018 ല്‍ തന്നെ ഷിക്കാഗോയില്‍ രണ്ട് മണിക്കൂര്‍ 05 മിനിറ്റ് 11 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയതാണ് മാരത്തണിലെ ഏറ്റവും മികച്ച പ്രകടനം. വനിതകളുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്റര്‍ ചാമ്പ്യന്‍ ഐലിഷ് മക്‌കോള്‍ഗാന്‍ ലണ്ടനില്‍ കന്നി മത്സരത്തിനിറങ്ങും. 1996 ലെ മാരത്തണ്‍ ജേതാവ് ലിസ് മക്‌കോള്‍ഗാന്റെ മകളാണ് ഐലിഷ്. സോമാലിയയിലെ മൊഗാദിഷുവില്‍ ജനിച്ച ഫറാ ബ്രിട്ടനിലേക്കു കുടിയേറിയതാണ്. ബ്രിട്ടീഷ് താരങ്ങളെ പരിശീലിപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്നു ഫറ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →