റിപ്പബ്ലിക് ദിനം: ടാബ്ലോയില്‍ ഉത്തരാഖണ്ഡിന് ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനത്തെ വന്യജീവികളെയും തീര്‍ഥാടനകേന്ദ്രങ്ങളെയും ചിത്രീകരിച്ച് ഉത്തരാഖണ്ഡ് അവതരിപ്പിച്ച നിശ്ചലദൃശ്യം ഒന്നാം സമ്മാനം നേടി. മഹാരാഷ്ട്രയ്ക്കും ഉത്തര്‍പ്രദേശിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച മാര്‍ച്ചിങ് സംഘമായി കരസേനയുടെ പഞ്ചാബ് റെജിമെന്റ് തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ വിഭാഗത്തില്‍ (പോപ്പുലര്‍ ചോയ്‌സ് സെഗ്‌മെന്റ്) ഗുജറാത്തിന്റെ ടാബ്ലോ സമ്മാനം നേടി. മന്ത്രാലയ, വകുപ്പ് വിഭാഗത്തില്‍ ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയം അവതരിപ്പിച്ച (ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍) ടാബ്ലോയ്ക്കു പുരസ്‌കാരം ലഭിച്ചു. ആഭ്യന്തര മന്ത്രാലത്തിന്റെ സി.എ.പി.എഫിന്റെ ജനപ്രിയ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൈവവെവിധ്യ സംരക്ഷണം വിഷയമാക്കിയ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ടാബ്ലോയും വന്ദേ ഭാരതം നൃത്ത സംഘവും പ്രത്യേക സമ്മാനം നേടി.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യപഥില്‍ നടന്ന പരേഡിലാണ് നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചത്. ഉത്തരാഖണ്ഡിന്റെ ടാബ്ലോയില്‍ ലോകപ്രശസ്തമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ കലമാനെയും വിവിധ പക്ഷികളുടെ വിഹാരവും പ്രദര്‍ശിപ്പിച്ചിരുന്നു. മാനസ്ഖണ്ഡിലെ ചെറുതും വലുതുമായ 125 പുരാതന ക്ഷേത്രങ്ങളുടെ കൂട്ടമായ ജഗേശ്വര്‍ ധാം, പ്രശസ്തമായ ദേവദാരു മരങ്ങള്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തു ചിത്രീകരിച്ചിരുന്നത്. ആസാദി കാ അമൃത് മഹോത്സവമായിരുന്നു മഹാരാഷ്ട്രയുടെ വിഷയം. ഉത്തര്‍പ്രദേശ് അയോധ്യ ദീപോത്സവം അവതരിപ്പിച്ചു. മിറര്‍ വര്‍ക്കിനു പേരുകേട്ട കച്ചി എംബ്രോയ്ഡറിയും പരമ്പരാഗത ഭുംഗകളും പുനരുപയോഗിക്കാവുന്ന ഊര്‍ജോല്‍പ്പാദനവും ഗുജറാത്ത് ടാബ്ലോയെ ശ്രദ്ധേയമാക്കി. 24 മണിക്കൂറും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമം ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →