പെഷവാറില്‍ മരണം 100 ആയി

പെഷാവര്‍: പാകിസ്താനിലെ പള്ളിയില്‍ സ്വയം പൊട്ടിത്തെറിച്ചതായി സംശയിക്കപ്പെടുന്ന ചാവേര്‍ ബോംബറുടെ തല രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനിടെ 100 ആയി ഉയര്‍ന്നു.
അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ശേഷിക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) ഏറ്റെടുത്തിട്ടുണ്ട്.

പെഷാവര്‍ നഗരത്തിലെ അതീസുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന മോസ്‌ക്കില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ചാവേര്‍ ബോംബാക്രമണമുണ്ടായത്. പോലീസുദ്യോഗസ്ഥരും സൈനികരും ബോംബ് സ്‌ക്വാഡിലെ അംഗങ്ങളുമുള്‍പ്പെടെ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവര്‍ക്കിടയിലുണ്ടായിരുന്ന ചാവേര്‍, സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് വിശ്വാസികള്‍ക്കുമേല്‍ പതിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണു നിഗമനം. സ്ഫോടനം നടത്തിയതായി സംശയിക്കുന്നയാളുടെ തല ഇന്നലെയാണു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.
തകര്‍ന്ന നിലയിലുള്ള തല സംഭവസ്ഥലത്തുനിന്നു ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ടി.ടി.പിയുടെ കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനി കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമാണു പള്ളിയില്‍ നടന്ന ആക്രമണമെന്ന് സംഘടന അവകാശപ്പെട്ടു.

നിരവധി തീവ്രവാദ സംഘടനകളുടെ ഏകോപിത ഗ്രൂപ്പായി 2007-ല്‍ രൂപീകരിക്കപ്പെട്ടതാണ് ടി.ടി.പി. സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിച്ച് രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടത്താന്‍ അനുയായികളോട് ഇവര്‍ ആഹ്വാനം ചെയ്തിരുന്നു. 2008-ല്‍ ഇസ്ലാമബാദിലെ മാരിയറ്റ് ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനവും 2009 ല്‍ െസെനിക ആസ്ഥാനത്തു നടന്ന ആക്രമണവും ഉള്‍പ്പെടെ പാകിസ്താനിലുടനീളം ഒട്ടേറെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. 2014 ല്‍ പെഷാവറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 131 വിദ്യാര്‍ഥികളടക്കം 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍-ക്വയ്ദയുമായി അടുപ്പം പുലര്‍ത്തുന്ന സംഘടനയാണു ടി.ടി.പിയെന്നാണു കരുതപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം