കൊച്ചി: ”കശ്മീരി റൊണാള്‍ഡോ” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മധ്യനിര താരം ഡാനിഷ് ഫാറൂഖ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തി. ബംഗളുരു എഫ്സിയില്‍ നിന്നാണു താരം കൊച്ചിയിലെത്തിയത്. ട്രാന്‍സ്ഫര്‍ തുക പുറത്തുവിട്ടത്. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് 26 വയസുകാരനായ ഡാനിഷ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. 2026 വരെയാണു കരാര്‍.
ജെ ആന്‍ഡ് കെ ബാങ്ക് ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് ഡാനിഷ് കരിയര്‍ തുടങ്ങുന്നത്. എല്ലാ പ്രായ വിഭാഗങ്ങളിലും ടീമിനെ പ്രതിനിധീകരിച്ചു. താരം വൈകാതെ ലോണ്‍ സ്റ്റാര്‍ കശ്മീര്‍ എഫ്.സിയിലെത്തി. 2016 ല്‍ റയാല്‍ കശ്മീരില്‍ എത്തുന്നതിനു മുമ്പ് ലോണ്‍ സ്റ്റാറിനായി 18 മത്സരങ്ങള്‍ കളിച്ചു. ഐ ലീഗ് രണ്ടാം ഡിവിഷനിലെ ടോപ്പ് സ്‌കോററാണ്. ഹിമപ്പുലികള്‍ എന്ന് വിളിപ്പേരുള്ള റയാല്‍ കശ്മീര്‍ എഫ്.സിയെ 2017/18 സീസണില്‍ ഐ ലീഗ് ഒന്നാം ഡിവിഷനിലേക്കു യോഗ്യത നേടാനും വഴിയൊരുക്കി. റയാല്‍ കശ്മീരില്‍ അഞ്ച് വര്‍ഷം ചെലവഴിച്ച ഡാനിഷിനെ ബംഗളുരു എഫ്.സി. രണ്ട് വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 27 മത്സരങ്ങള്‍ കളിച്ച താരം നാല് ഗോളുകളുമടിച്ചു. കരുത്തുറ്റ ശരീരപ്രകൃതിയും സ്‌കോറിങ് ശേഷിയും ഡ്രിബ്ലിങ് മികവുമാണ് ഡാനിഷിന് ”കശ്മീരി റൊണാള്‍ഡോ” എന്ന പേരു സമ്മാനിച്ചത്.
ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഡാനിഷെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. ഒന്‍പതാം സീസണിലെ നിര്‍ണായക സമയത്ത് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ അന്തരീക്ഷം പ്രകമ്പിതമാണ്, മഞ്ഞ ജഴ്സി അണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നല്‍കാന്‍ കാത്തിരിക്കുകയാണ്- ക്ലബുമായി കരാര്‍ ഒപ്പുവച്ച ശേഷം ഡാനിഷ് പറഞ്ഞു. ഐ.എസ്.എല്ലിലെ മികച്ച പ്രകടനം ബഹ്റൈന്‍, ബെലാറസ് ടീമുകള്‍ക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഡാനിഷിന് ഇടം നേടിക്കൊടുത്തു. പ്ലേഓഫ് ഫിനിഷിന് അരികെ നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഡാനിഷിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഊര്‍ജമാകും. മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ താരം കളിക്കും.