കൊച്ചി: ആദിവാസി മേഖലയിലെ ആതുരസേവനം കൊണ്ട് ശ്രദ്ധേയനായ ഡോ.പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ആത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ഷാനവാസിന്റെ സുഹൃത്തുക്കള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ സെക്രട്ടറി മനോജ് കേദാരത്തിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. മനോജിനു വേണ്ടി അഡ്വ. സി.എം മുഹമ്മദ് ഇഖ്ബാല്‍ ഹാജരായി. മരണസമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്പാട് സ്വദേശി എ.കെ അനീഷ് സ്ത്രീപീഡനക്കേസില്‍10 വര്‍ഷവും 3 മാസവും കഠിന തടവിന് ശിക്ഷിക്കപ്പെട്ടതും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
2015 ഫെബ്രുവരി 13 ന് അര്‍ധരാത്രി കോഴിക്കോട്ടെ പാര്‍ട്ടിക്കു ശേഷം മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ നിലമ്പൂരിലേക്കു മടങ്ങുന്നതിനിടെയാണു ഷാനവാസ് മരിച്ചത്. നിലമ്പൂരില്‍നിന്നും പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും മൂന്നുമാസത്തിനിടെശിരുവാണിയിലേക്കും സ്ഥലംമാറ്റിയതിനെത്തുടര്‍ന്നുള്ളമനോവേദനയില്‍ അധികൃതര്‍ക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി ഷാനവാസ് ജീവനൊടുക്കി എന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഷാനവാസിന്റെ മരണം ആത്മഹത്യയല്ലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നു ഹര്‍ജിയില്‍ ആരോപിച്ചു. മദ്യത്തിന്റെ അംശവും ശ്വാസനാളത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഷാനവാസ് മരണപ്പെട്ടിട്ടും രണ്ടു മണിക്കൂര്‍ നേരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കാറോടിച്ചു പോവുകയും തൊട്ടടുത്ത നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കാതെ എടവണ്ണയിലെ ക്ലിനിക്കിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കും.

