കൊച്ചി: തുടര്‍ പരാജയങ്ങളില്‍ വീണ കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം ഗ്രൗണ്ടില്‍ മിന്നും ജയം. ഒന്‍പതാം സീസണിലെ ഒരു അട്ടിമറി സ്വപ്നവുമായി കൊച്ചിയിലെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ ബ്ലാസ്‌റ്റേഴ്‌സ് 2-0 നു തോല്‍പിച്ചു.
ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇരട്ട ഗോളുകളാണു ബ്ലാസ്‌റ്റേഴ്‌സിനെ ജയിപ്പിച്ചത്. സീസണിലെ ഒന്‍പതാം ജയം പോയിന്റ് പട്ടികയിലും ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കി.
15 മത്സരങ്ങളില്‍നിന്ന് 28 പോയിന്റ് നേടിയ ടീം എ.ടി.കെ. മോഹന്‍ ബഗാനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. ബ്ലാസ്‌റ്റേഴ്‌സിന്റെ നോക്കൗട്ട് പ്രതീക്ഷകളും സജീവമായി. ഹോം ഗ്രൗണ്ടില്‍ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. മത്സരത്തിന്റെ 42, 44 മിനിറ്റുകളിലായിരുന്നു ഡയമന്റകോസിന്റെ ഇരട്ട പ്രഹരം. സീസണിലാകെ ഒന്‍പത് ഗോളുകളടിച്ച നേടിയ ഗ്രീക്ക് താരം ടോപ് സ്‌കോറര്‍മാരില്‍ രണ്ടാമതെത്തി. ആക്രമണത്തോടെ തുടങ്ങിയ നോര്‍ത്ത് ഈസ്റ്റിനെതിരേ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് പ്രത്യാക്രമണം നടത്തി. ഇടതുവിങിലൂടെയുള്ള ഡയമന്റകോസിന്റെ മിന്നല്‍ ആക്രമണത്തില്‍ വടക്കുകിഴക്കന്‍ പ്രതിരോധം പകച്ചെങ്കിലും ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ രക്ഷകനായി. 13-ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നിയുടെ മുന്നേറ്റം നോര്‍ത്ത് ഈസ്റ്റിന് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ബ്രൈസ് മിറാന്‍ഡ ബോക്‌സിനകത്ത് നല്‍കിയ പന്ത് പുറത്തേക്കടിച്ച് ജിയാനുവും അവസരം പാഴാക്കി.
ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി വടക്കുകിഴക്കന്‍ ബോക്‌സിലെത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. നോര്‍ത്തിന്റെ ഒറ്റപ്പെട്ട നീക്കങ്ങളും പൂര്‍ണതയിലെത്തിയില്ല. ഒന്നാം പകുതി ഗോള്‍രഹിത സമനിലയില്‍ പിരിയുമെന്ന് തോന്നിക്കേ ഡയമന്റകോസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ഇടതുഭാഗത്ത്‌നിന്ന് ജെസെലിന്റെ ത്രോ ബോള്‍ കോര്‍ണറിന് അരികിലായിനിന്ന മിറാന്‍ഡയിലേക്ക്. മിറാന്‍ഡ ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ ഡയമന്റകോസ് ഉയര്‍ന്നുപൊങ്ങി തലവച്ചു. ഹെഡര്‍ അരിന്ദം ഭട്ടാചാര്യക്കു തടയിടാനായില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. ഗ്യാലറിയിലെ ആനന്ദനൃത്തം അവസാനിക്കും മുമ്പേ ഡയമന്റകോസിന്റെ രണ്ടാം ഗോളെത്തി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍നിന്നു മധ്യവരക്കപ്പുറമെത്തിയ പന്ത് അഡ്രിയാന്‍ ലൂണ മനോഹരമായി ഉയര്‍ത്തി നല്‍കി. ഡയമന്റകോസ് പന്ത് കാലില്‍ കൊരുക്കുമ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മൂന്ന് പ്രതിരോധ താരങളും പിന്നില്‍. ഒന്നു രണ്ട് നീക്കങ്ങളിലൂടെ വലക്ക് മുന്നിലെത്തിയ ഗ്രീക്ക് താരം അരിന്ദത്തെ കീഴ്‌പ്പെടുത്തി പന്ത് വലയുടെ ഇടത് മൂലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം തുടര്‍ന്നെങ്കിലും നോര്‍ത്തിന്റെ പ്രതിരോധത്തിലൂന്നിയ കളി ലീഡുയര്‍ത്തുന്നതിന് തടസമായി. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരേ കൊല്‍ക്കത്തയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. 16 കളികളില്‍നിന്ന് നാല് പോയിന്റ് മാത്രം നേടിയ നോര്‍ത്ത് ഈസ്റ്റ് ഏറ്റവും പിന്നില്‍ പതിനൊന്നാം സ്ഥാനത്താണ്.

