ന്യൂയോര്‍ക്ക്: ഭൂമിയില്‍ ജീവനെത്തിയത് വ്യാഴത്തിനപ്പുറത്തുനിന്ന്. അവിടെനിന്നു 460 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ പതിച്ച ഉല്‍ക്കകളാണു ജീവനു കാരണമായതെന്നു മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍. പൊട്ടാസ്യവും സിങ്കുമാണ് ഉല്‍ക്കവഴി ഭൂമിയിലെത്തിയത്. കോശ ദ്രാവകങ്ങളുടെ രൂപീകരണത്തിനു പൊട്ടാസ്യവും ഡി.എന്‍.എ. രൂപീകരണത്തിനു സിങ്കും സഹായിക്കും.
ഭൂമിയിലെ പൊട്ടാസ്യത്തിന്റെയും സിങ്കിന്റെയും ശേഖരത്തില്‍ വലിയ പങ്കെത്തിയത് ബഹിരാകാശത്തുനിന്നാണ്. ഭൂമിയിലെ സിങ്കില്‍ പാതിയും വ്യാഴത്തിന് അപ്പുറത്തുനിന്നാണ്. ഭൂമി രൂപപ്പെട്ട സൗരയൂഥ മേഖലയില്‍ സിങ്കിന്റെ സാന്നിധ്യം കുറവാണ്. വ്യാഴത്തിനപ്പുറമുള്ള മേഖലയില്‍നിന്നെത്തിയ സിങ്ക് അടക്കമുള്ള മൂലകങ്ങള്‍ ജീവന്‍ രൂപപ്പെടുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതായി ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ പ്രഫ. മാര്‍ക്ക് റെഖാംപര്‍ പറഞ്ഞു. വ്യാഴത്തിന്റെ ഭ്രമണപഥത്തിനു പുറത്തുനിന്നെത്തിയ 18 ഉല്‍ക്കകള്‍ പഠിച്ചശേഷമാണു ഗവേഷകര്‍ നിഗമനത്തിലെത്തിയത്.

