ഭുവനേശ്വര്‍: മുന്‍ ചാമ്പ്യന്‍ ജര്‍മനി ലോകകപ്പ് ഹോക്കി ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയെ 4-3 നു തോല്‍പ്പിച്ചാണു ജര്‍മനിയുടെ മുന്നേറ്റം. പീലിയാറ്റ് ഗൊണ്‍സാലോ ജര്‍മനിക്കു വേണ്ടി ഹാട്രിക്കടിച്ചു (42, 51,58). പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണു ഗൊണ്‍സാലോയുടെ ഗോളുകള്‍. വെലാന്‍ നിക്‌ളാസാണ് ഒരു ഗോളടിച്ചത്.
ഹെയ്‌വാഡ് ജെറമി, എഫ്രാംസ് നഥാന്‍, ഗോവേഴ്‌സ് ബ്ലേക്ക് എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഗോളടിച്ചത്. കളിയുടെ 11-ാം മിനിറ്റില്‍ ഹെയ്‌വാഡ് ജെറമി ഓസീസിനെ മുന്നിലെത്തിച്ചു. 26-ാം മിനിറ്റില്‍ എഫ്രാംസ് അവര്‍ക്കു ലീഡ് നേടിക്കൊടുത്തു. പിന്നാലെയാണു ജര്‍മനി കളി തിരിച്ചുപിടിച്ചത്. 57-ാം മിനിറ്റിലാണു ബ്ലേക്കിന്റെ ഗോള്‍ വീണത്. 1986, 2010, 2014 ലോകകപ്പ് ജേതാക്കളാണ് ഓസ്‌ട്രേലിയ.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി നിലവിലെ ചാമ്പ്യന്‍ ബെല്‍ജിയത്തെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ അവര്‍ ഹോളണ്ടിന്റെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണു തോല്‍പ്പിച്ചത് (3-2). ബെല്‍ജിയത്തിനായി വെഗ്നസ് വിക്ടര്‍, ഡി സ്ലൂവര്‍ ആര്‍തര്‍, വാന്‍ ഔബേല്‍ ഫ്‌ളോറന്റ് എന്നിവര്‍ ഗോളടിച്ചു. കോസിന്‍സ് ടാന്‍ഗുയിയുടെ ശ്രമം പാഴായി.
ഹോളണ്ടിന്റെ വാന്‍ ആസ് സിവി, പീറ്റേഴ്‌സ് ടെറാന്‍സ്, വാന്‍ ഡാം തിജ്‌സ് എന്നിവരുടെ ശ്രമങ്ങള്‍ ഗോളായില്ല. ഡി ഗ്യൂസ് ജോനാസ്, ക്രൂണ്‍ ജോറിറ്റ് എന്നിവരാണു ഗോളടിച്ചത്. മുഴുവന്‍ സമയത്ത് സ്‌കോര്‍ 2-2 നു സമനിലയായിരുന്നു. ബെല്‍ജിയത്തിനു വേണ്ടി ബൂണ്‍ ടോം, ഡി കെര്‍പെല്‍ നികോളാസ് എന്നിവര്‍ ഗോളടിച്ചു. ജാന്‍സന്‍ ജിപ്പാണു ഡച്ചുകാരുടെ രണ്ട് ഗോളുമടിച്ചത്.
ഞായറാഴ്ച വൈകിട്ട് ഏഴ് മുതലാണു ഫൈനല്‍. സെമി ഫൈനലില്‍ ബെല്‍ജിയം 2-0 ത്തിനു ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയ 4-3 നു സ്‌പെയിനെയും തോല്‍പ്പിച്ചിരുന്നു. ബെല്‍ജിയത്തിനു വേണ്ടി ബൂണ്‍ ടോമും വാന്‍ ഔബല്‍ ഫ്‌ളോറന്റുമാണു ഗോളടിച്ചത്. കളിയുടെ 10, 15 മിനിറ്റുകളില്‍ ന്യൂസിലന്‍ഡ് വലയില്‍ പന്തെത്തി. അതോടെ ന്യൂസിലന്‍ഡ് കളി മറന്നു. ഇന്ത്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണു ന്യൂസിലന്‍ഡ് ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലെത്തിയത്.
ക്ലാസിഫിക്കേഷന്‍ പോരാട്ടത്തില്‍ ഇന്ത്യ ജപ്പാനെ 8-0 ത്തിനു തോല്‍പ്പിച്ചു. ഹര്‍മന്‍പ്രീത് സിങ്, അഭിഷേക് എന്നിവര്‍ ഇരട്ട ഗോളുകളും മന്‍ദീപ് സിങ്, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിങ്, സുഖ്ജീത് സിങ് എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു.
ഇന്നു നടക്കുന്ന അഞ്ചാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. രാവിലെ മലേഷ്യ – ജപ്പാന്‍, ചിലി – ഫ്രാന്‍സ്, അര്‍ജന്റീന – വെയ്ല്‍സ് മത്സരങ്ങളും നടക്കും. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയ ഹോളണ്ടിനെ നേരിടും.

