ന്യൂഡല്‍ഹി: കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ദിലിപ് മഹലനാബിസിനും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. മലയാളിയായ ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ട പൊതുവാള്‍, വിദ്യാഭ്യാസ വിദഗ്ധന്‍ സി.ഐ. ഐസക്ക്, നെല്ലിനങ്ങളുടെ ജീന്‍ബാങ്കര്‍ എന്നറിയപ്പെടുന്ന ചെറുവയല്‍ കെ. രാമന്‍, കളരിഗുരു എസ്.ആര്‍.ഡി. പ്രസാദ് എന്നിവര്‍ക്കു പത്മശ്രീ. ആറുപേര്‍ക്കു പത്മവിഭൂഷണും ഒന്‍പതു പേര്‍ക്കു പത്മഭൂഷണും 91 പേര്‍ക്കു പത്മശ്രീയുമാണ് പ്രഖ്യാപിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായ എസ്.എം. കൃഷ്ണ, കലാകാരന്‍ സക്കീര്‍ ഹുെസെന്‍, ശാസ്ത്രമേഖലയില്‍നിന്നുള്ള ശ്രീനിവാസ് വര്‍ധന്‍, ബാല്‍കൃഷ്ണ ധേഷി എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. കന്നഡ സാഹിത്യകാരന്‍ എസ്.എല്‍. ഭൈരപ്പ, വ്യവസായി കുമാര്‍ മംഗലം ബിര്‍ല, ദീപക് ധര്‍, ഗായിക വാണി ജയറാം, സ്വാമി ചിന്ന ജീയാര്‍, സുമന്‍ കല്യണ്‍പുര്‍, കപില്‍ കപുര്‍, കമലേഷ് ഡി. പട്ടേല്‍ എന്നിവര്‍ക്കാണു പത്മഭൂഷണ്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി, സംഗീത സംവിധായകന്‍ എം.എം. കീരവാണി, നടി രവീണ ഝണ്ഡന്‍, നാഗാ സാമൂഹിക പരിഷ്‌കര്‍ത്താവ് രാംക്യൂവാങ്‌ബേ ന്യൂമി, സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ഉറപ്പാക്കിയ ഡോ. മുനീശ്വര്‍ ചന്ദര്‍ ധവാര്‍, തമിഴ്‌നാട്ടില്‍നിന്നുള്ള പാമ്പുപിടിത്തക്കാരായ വടിവേല്‍ ഗോപാല്‍, മാസി സെദെയന്‍, ഹോ ഭാഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനും സിങ് സോയ്, ബംഗാളിലെ നാടോടി ഗായകന്‍ മംഗള കാന്തി റോയി(102) എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.
ഓറല്‍ റീഹൈ്രഡേഷന്‍ തെറാപ്പി (ഒ.ആര്‍.എസ്) വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971-ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രക്ഷയായതു മഹലനാബിസിന്റെ കണ്ടുപിടിത്തമായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഒക്‌ടോബര്‍ 16-ന് അന്തരിച്ചു.
ഗാന്ധിയന്‍ ദര്‍ശന വഴിയിലെ ചൈതന്യമായി മാറിയ ആളാണ് വി.പി. അപ്പുക്കുട്ട പൊതുവാള്‍. 1930-ന് ഉപ്പു സത്യഗ്രഹജാഥ നേരിട്ടുകണ്ടതിന്റെ ആവേശത്തില്‍ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി.

