കല്ലായിയില്‍ ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. കൊല്ലം അഞ്ചാലംമൂട് ധന്യാ നിവാസില്‍ രാധാകൃഷ്ണപിള്ളയുടെ മകന്‍ ധനേഷ് എന്ന മണി(36), കോട്ടയം കറുകച്ചാല്‍ കാടുവെട്ടി പാറക്കല്‍ അബ്ദുറഹിമാന്റെ മകന്‍ സുബൈര്‍(54) എന്നിവരാണു മരിച്ചത്. കൂടെയുള്ള കൊല്ലം തഴുത്തല മൈലാപ്പുര്‍ മുഹമ്മദ് ഷാഫി(37)യെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലായി റെയില്‍വേ സ്‌റ്റേഷന് വടക്ക് ഇന്നലെ രാവിലെ 8.22ഓടെ കണ്ണൂര്‍-കോയമ്പത്തൂര്‍ ട്രെയിന്‍ തട്ടിയാണ് അപകടം. അപകടത്തില്‍പ്പെട്ടവര്‍ നഗരത്തില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ്. ജില്ലയില്‍ അശരണര്‍ക്കായി ഒരുക്കിയ ഉദയം പുനരധിവാസകേന്ദ്രത്തില്‍ ഇവര്‍ നേരത്തെ താമസിച്ചിരുന്നതായും പോലീസ് പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അപകടം നടന്ന സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →