മേല്‍നോട്ട സമിതി നിയമനത്തിനെതിരേ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും ദേശീയ ഗുസ്തി ഫെഡറേഷന്റെ ദൈനംദിന നടത്തിപ്പിനുമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മേല്‍നോട്ട സമിതിക്കെതിരേ സമരരംഗത്തുണ്ടായിരുന്ന ഗുസ്തിതാരങ്ങള്‍. സമിതി രൂപീകരിക്കും മുമ്പ് ഗുസ്തി താരങ്ങളുമായി കൂടിയാലോച്ചില്ലെന്നു വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ സാക്ഷി മാലിക്ക് തുടങ്ങിയവര്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരെ ടാഗ് ചെയ്ത് നടത്തിയ ട്വീറ്റിലാണു താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്. സമിതി രൂപീകരിക്കുന്നതിനു മുന്‍പ് താരങ്ങളുമായി കൂടിയാലോചിക്കുമെന്നു ഉറപ്പു നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു. ബോക്‌സിങ് താരം എം.സി. മേരി കോം അധ്യക്ഷയായ അഞ്ചംഗ സമിതിയെയാണ് അടുത്ത ഒരു മാസത്തേക്ക് ഫെഡറേഷന്റെ മേല്‍നോട്ടത്തിനായി കേന്ദ്രം നിയോഗിച്ചത്. ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി: എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും ചില പരിശീലകര്‍ക്കുമെതിരായ ലൈംഗികാരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുന്ന സമിതി നാല് ആഴ്ചയ്ക്കകം കായികമന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കും.

ഗുസ്തിതാരം യോഗേശ്വര്‍ ദത്ത്, ബാഡ്മിന്റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ, ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീം ക്യാപ്റ്റന്‍ രാജഗോപാലന്‍, സായ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാധിക ശ്രീമാന്‍ എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍. നേരത്തേ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ച ഏഴംഗ സമിതിയുടെയും അധ്യക്ഷ മേരി കോം തന്നെയായിരുന്നു. മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കുന്നതുവരെ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ചുമതലകളില്‍നിന്നു മാറി നില്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →