കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഗോള്‍ഡന്‍ ത്രെഡ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ത്രെഡ്‌സ് എഫ്.സി. കേരളയെ 2-1 നാണു തോല്‍പിച്ചത്. ജയത്തോടെ ആറു പോയിന്റുമായി ബി ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ ടീം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ക്രൈസ്റ്റ് ഒദ്രാഗോ, അജയ് അലക്‌സ് എന്നിവര്‍ ത്രെഡ്‌സിനായി ഗോളടിച്ചു. സീസണിലെ ആദ്യ കളിയില്‍ കേരള പോലീസിനോടു തോറ്റ നിലവിലെ ചാമ്പ്യന്‍മാര്‍ രണ്ടാം മത്സരത്തില്‍ ഡോണ്‍ ബോസ്‌കോ എഫ്.എയെ അഞ്ച് ഗോളിന് തകര്‍ത്തിരുന്നു.
ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു ത്രെഡ്‌സിന്റെ തിരിച്ചുവരവ്. ബിബിന്‍ ഫ്രാന്‍സിസിന്റെ ഫ്രീ കിക്ക് ഗോളിലൂടെ മുന്നിലെത്തിയ എഫ്.സി. കേരളയെ ഒന്നാം പകുതിയുടെ അധിക സമയത്ത് തന്നെ ഗോള്‍ഡന്‍ ത്രെഡ്‌സ് ഒപ്പം പിടിച്ചു. ബോക്‌സിന് തൊട്ടുമുന്നില്‍നിന്ന് ലഭിച്ച ഫ്രീ കിക്ക് ബുര്‍ക്കിനഫാസോ താരം ഒദ്രാഗോ വലയിലെത്തിച്ചു. 54-ാം മിനിറ്റില്‍ റെമിന്‍ഡ് അലോട്ട ത്രെഡ്‌സ് താരത്തെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ അജയ് അലക്‌സിനും പിഴച്ചില്ല. ആക്രമണം തുടര്‍ന്ന ത്രെഡ്‌സ് പലതവണ എതിര്‍ ബോക്‌സിലെത്തിയെങ്കിലും സ്‌കോര്‍ ഉയര്‍ത്താനായില്ല. 26 ന് ഗോകുലം കേരളക്കെതിരേയാണ് ത്രെഡ്‌സിന്റെ അടുത്ത മത്സരം.

