മട്ടന്നൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു യുവാക്കളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ ഷമ്മാസ്, റഹീം, ഷബീര്‍ എന്നിവരാണു പിടിയിലായത്. കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ബലമായി കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കര്‍ണാടക പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതികളായ യുവാക്കളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ കുറെക്കാലമായി കര്‍ണാടകയില്‍ താമസിക്കുകയാണ് യുവാക്കള്‍. ഇതിനിടെയിലാണ് കേസില്‍ ഉള്‍പ്പെടുന്നത്. സംഭവശേഷം കര്‍ണാടകയില്‍ നിന്നു മുങ്ങിയ പ്രതികള്‍ക്കായി മട്ടന്നൂരും കര്‍ണാടക രഹസ്യാന്വേഷണവിഭാഗവും അന്വേഷണം നടത്തിയിരുന്നു. ഇവരുടെ വീടുകളും ബന്ധുവീടുകളും കേന്ദ്രീകരിച്ചാണ് രഹസ്യനിരീക്ഷണം നടത്തിയത്.