ഇലന്തൂര്‍ നരബലിക്കേസില്‍ രണ്ടാമത്ത കുറ്റപത്രം ഉടൻ സമര്‍പ്പിക്കും

പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം 21/01/23 ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രം 2023 ജനുവരി ആറിന് സമര്‍പ്പിച്ചിരുന്നു.

കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ എസ്.പി ടി ബിജി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് കേസ് അന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരാണ് പ്രതികള്‍. 2022 ജൂൺ എട്ടിനാണ് മുഖ്യപ്രതിയായ മുഹമ്മദ്‌ ഷാഫി റോസ്‌ലിയെ ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച് നരബലി നടത്തിയത്.

തുടർന്ന് പ്രതികൾ റോസിലിയുടെ ശരീരം കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയും മനുഷ്യ മാംസം പാചകം ചെയ്തു കഴിക്കുകയും ചെയ്തുവെന്നതാണ് കേസ്. നേരിട്ടുള്ള തെളിവുകളില്ലാതിരുന്ന ഈ കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്.

Share
അഭിപ്രായം എഴുതാം