കണ്ണൂർ: ഭാവിയില്‍ ആരാകണം എന്ന ആഗ്രഹം കടലാസ് വിമാനത്തിന്റെ ചിറകില്‍ എഴുതി പറത്തിയപ്പോള്‍ ലക്ഷ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അല്‍പം കൂടി ഉയരം വെച്ചത് പോലെയായിരുന്നു അവര്‍ക്ക്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും ചേര്‍ന്ന് നടത്തിയ ഫൈന്‍ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിക്കിടെയാണ് അധ്യാപകന്റെ നിര്‍ദേശ പ്രകാരം ലക്ഷ്യത്തിലേക്കുള്ള വിമാനം പറത്തിയത്. ആത്മവിശ്വാസവും ഉപരി പഠനത്തിലേക്കുള്ള ലക്ഷ്യങ്ങളും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ക്ലാസ്.
ഏത് പ്രതിസന്ധിയും കടന്ന് ലക്ഷ്യത്തിലെത്തുമെന്ന് എടയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞിറങ്ങിയ പത്താം തരത്തിലെ ബാഷര്‍ പറഞ്ഞു. നന്നായി പഠിക്കണമെന്ന തോന്നലും ഭാവിയെക്കുറിച്ച് നല്ല ബോധവും ഉണ്ടായെന്ന് അമല്‍ കൃഷ്ണ അഭിപ്രായപ്പെട്ടു. ഇനിയുള്ള പരീക്ഷകളെ പേടിയില്ലാതെ നേരിടാനാകുമെന്ന ആത്മവിശ്വാസമാണ് ശരത്ത് ലാലിനുണ്ടായത്. മനംമടുപ്പിക്കാതെ കളിയിലൂടെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ച ശിവപുരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ എന്‍ പ്രേംജിത്തിനോടുള്ള നന്ദിയും അവര്‍ അറിയിച്ചു.
ജീവിത ലക്ഷ്യങ്ങള്‍ മാറ്റിവെക്കപ്പെടേണ്ടവ അല്ലെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് ആഗ്രഹവും കൈപ്പിടിയില്‍ ഒതുക്കാമെന്നും ഫൈന്‍ ട്യൂണ്‍ അവരെ പഠിപ്പിച്ചു. കഴിവില്ലാത്തത് കൊണ്ടല്ല സ്വന്തം കഴിവ് ഉള്ളില്‍ ഒതുക്കിയാണ് നമ്മളില്‍ പലരും ജീവിക്കുന്നത് എന്ന തിരിച്ചറിവ് കുട്ടികളില്‍ ഉണര്‍ത്താന്‍ ക്ലാസ്സിലൂടെ സാധിച്ചു. ശാരീരിക പരിമിതികള്‍ ഉണ്ടായിട്ടും ജീവിതത്തിന്റെ ഉന്നതിയില്‍ എത്തിയ പ്രശസ്തരുടെ ഉദാഹരണങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിച്ചത് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രചോദനമേകി.
എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന അവതരണ ശൈലിയാണ് ക്ലാസിനെ ആകര്‍ഷകമാക്കിയതെന്നാണ് കൂത്തുപറമ്പ് പി ആര്‍ സി സിആര്‍സി കോ ഓര്‍ഡിനേറ്റര്‍ ഷിറോദ തോട്ടത്തിലിന്റെ അഭിപ്രായം. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വലിയ മോട്ടിവേഷനാണ് ക്ലാസ് നല്‍കിയതെന്ന് ബി ആര്‍ സി കൂത്തുപറമ്പ് ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ എന്‍ സതീന്ദ്രന്‍ പറഞ്ഞു.
വിദഗ്ധര്‍ തയ്യാറാക്കിയ മൊഡ്യൂള്‍ അനുസരിച്ചാണ് ഫൈന്‍ ട്യൂണ്‍ പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ പത്താംതരം, പ്ലസ് വണ്‍, പ്ലസ് ടു, വി എച്ച് എസ് സി പ്ലസ് വണ്‍ പ്ലസ് ടു എന്നീ വിഭാഗങ്ങളില്‍ നിന്നായി 50 വിദ്യാര്‍ഥികളാണ് ഫൈന്‍ ട്യൂണിന്റെ ഭാഗമായത്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഷോട്ട് ഫിലിം ‘ദ ട്രാപ്പ്’ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ ഗസറ്റ് പ്രത്യേക പതിപ്പ് വിതരണവും നടന്നു.