തരിയോട് എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു;1450 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

വയനാട്: തരിയോട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കാവുമന്ദം ലൂർദ് മാതാ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 1450 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി. 789 ആധാര്‍ കാര്‍ഡുകള്‍, 406 റേഷന്‍ കാര്‍ഡുകള്‍, 711 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 268 ബാങ്ക് അക്കൗണ്ടുകൾ, 104 ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡുകൾ, 364 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 4228 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

പട്ടിക വിഭാഗക്കാർക്ക് അടിസ്ഥാന രേഖകൾ നൽകുന്ന എ.ബി.സി.ഡി ക്യാമ്പ് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പൂർത്തീകരിച്ചു. 23 ഗ്രാമപഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലുമാണ് എ.ബി.സി.ഡി ക്യാമ്പുകൾ നടന്നത്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, തരിയോട് ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →