ബിജു പട്‌നായിക്ന്റെ വിമാനത്തിന് മോക്ഷം; റോഡ് മാര്‍ഗം ഭുവനേശ്വറില്‍

ഭുവനേശ്വര്‍: ഒഡീഷ മുന്‍ മുഖ്യമന്ത്രി അന്തരിച്ച ബിജു പട്‌നായിക് ഉപയോഗിച്ചിരുന്ന വിമാനം ഒടുവില്‍ ഇതിഹാസനേതാവിന്റെ മണ്ണിലേക്ക്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന വിമാനം ഭുവനേശ്വറിലേക്കു കൊണ്ടുപോകുന്നതു പൊളിച്ച് മൂന്നു ട്രക്കുകളിലാക്കി. വിമാനത്തിന്റെ നിരത്തിലൂടെയുള്ള യാത്രവീക്ഷിക്കാന്‍ കൊല്‍ക്കത്ത-ഭുവനേശ്വര്‍ ദേശീയപാതയില്‍ തടിച്ചുകൂടിയത് വന്‍ ജനാവലി.

ഒഡീഷ മുഖ്യമന്ത്രിയും വൈമാനികനും വ്യവസായിയുമായിരുന്ന ബിജു പട്‌നായിക്കിന്റെ മരണശേഷം പഴയ ഡക്കോട്ട (ഡി.സി-3) വി.ടി-എ.യു.ഐ. വിമാനം പതിറ്റാണ്ടുകളായി കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബിജുവിന്റെ മകനും നിലവിലെ ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് മുന്‍ കൈയെടുത്താണ് വിമാനത്തിനു ശാപമോക്ഷം നല്‍കാന്‍ തീരുമാനിച്ചത്. ബിജുവിന്റെ പേരിലുള്ള ഭുവനേശ്വറിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച് അര്‍ഹമായ സ്ഥാനത്തു ചരിത്രശേഷിപ്പായി സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ 1.1 ഏക്കര്‍ ഭൂമിയും അനുവദിച്ചതോടെ നടപടികള്‍ വേഗത്തിലായി.

തുടര്‍ന്ന് 64 അടി എട്ടിഞ്ച് നീളവും എട്ടു ടണ്ണിലധികം ഭാരവുമുള്ള വിമാനം പൊളിച്ച് റോഡ്മാര്‍ഗം ഭുവനേശ്വറിലെത്തിക്കാന്‍ നീക്കം തുടങ്ങി. മൂന്നു കൂറ്റന്‍ ട്രക്കുകളിലാക്കിയ വിമാനം ഇന്നലെ റോഡ്മാര്‍ഗം ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന ലക്ഷ്മണ്‍നാഥ് ടോള്‍ പ്ലാസ താണ്ടി വൈകിട്ടോടെ ഭുവനേശ്വറിലെത്തി. ഒഡീഷ പോലീസ് സുരക്ഷയൊരുക്കി ട്രക്കുകള്‍ക്ക് അകമ്പടി സേവിച്ചു. ട്രക്കുകള്‍ കടന്നുപോകുന്ന ദേശീയപാതയ്ക്കിരുവശവും നിരവധി ആളുകള്‍ വിമാനം നേരില്‍ക്കാണാന്‍ തടിച്ചുകൂടിയിരുന്നു. ഭുവനേശ്വറിലെത്തിച്ച വിമാനം വീണ്ടും കൂട്ടിയോജിപ്പിക്കാനായി സാങ്കേതിക വിദഗ്ധരുടെ പ്രത്യേക സംഘത്തെ ഒഡീഷ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

കലിംഗ എയർലെന്‍സ് സ്ഥാപകന്‍ കൂടിയായിരുന്നു ബിജു പട്‌നായിക്. കൊല്‍ക്കത്തയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ഡസനോളം ഡക്കോട്ട വിമാനങ്ങള്‍ കലിംഗയ്ക്കായി സര്‍വീസ് നടത്തിയിരുന്നു. 1947-ല്‍ അന്നത്തെ ഇന്തോനീഷ്യന്‍ പ്രധാനമന്ത്രിയെ രക്ഷിച്ച ദൗത്യത്തില്‍ ബിജു പട്‌നായിക് ഉപയോഗിച്ചതും ഡക്കോട്ട വിമാനമായിരുന്നു.

ഇതിനു നന്ദിപ്രകാശിപ്പിച്ച് രണ്ടുവട്ടം ബിജു പട്‌നായിക്കിനു രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭൂമിപുത്ര സമ്മാനിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →