കാവാലം തട്ടാശേരി പാലത്തിന്റെ ടെന്‍ഡര്‍ നപടികള്‍ ആരംഭിച്ചു

ആലപ്പുഴ: കാവാലം -തട്ടാശേരി പാലത്തിന്റെ ടെന്‍ഡര്‍ നപടികള്‍ ആരംഭിച്ചതായി തോമസ് കെ. തോമസ് എം.എല്‍.എ. അറിയിച്ചു. സ്ഥലം വിട്ടുനല്‍കാതിരുന്ന 14 ഭൂവുടമകള്‍ കൂടി സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ടെന്‍ഡര്‍ നടപടികളിലേയ്ക്ക് കടക്കുന്നത്. ഭൂമി വിട്ടുനല്‍കിയ മുഴുവന്‍ പേരുടെയും നഷ്ടപരിഹാരം ഫെബ്രുവരി അഞ്ചിനകം നല്‍കുമെന്നും എം.എല്‍.എ. പറഞ്ഞു. 

പാലം നിര്‍മിക്കുന്നതിനായി 110 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 86 സെന്റോളം ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള 24 സെന്ററിന്റെ ഉടമകളായ സ്വകാര്യ വ്യക്തികളാണ് സ്ഥലം വിട്ടു നല്‍കാന്‍ സമ്മതമറിയിച്ചിട്ടുള്ളത്. കാവാലം- തട്ടാശേരി പാലം യാഥാര്‍ഥ്യമാകുന്നതോടെ കുട്ടനാട്ടുകാര്‍ക്ക് എളുപ്പത്തില്‍ ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എത്താം.

2016-ലെ ഇടക്കാല ബജറ്റില്‍ 30 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചിരുന്നത്. തുടര്‍ന്ന് ദേശീയ ജലപാത നിയമംമൂലം രൂപരേഖയില്‍ മാറ്റംവരുത്തിയതോടെ ഇത് 52.5 കോടി രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. 

ഭൂവുടമകളുടെ യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം എം.വി. പ്രിയ, കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷി, കുട്ടനാട് എല്‍.എ. തഹസില്‍ദാര്‍ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീതി സജി, സന്ധ്യ സുരേഷ്, കെ.ആര്‍.എഫ്.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിറ്റ്സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →