പാരീസ്: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ 118-ാം വയസില്‍ അന്തരിച്ചു. ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷിയായ സിസ്റ്ററിന്റെ അന്ത്യം ഫ്രാന്‍സിലെ ടൗലോണിലുള്ള നഴ്‌സിങ് ഹോമിലായിരുന്നു. 1904-ല്‍ തെക്കന്‍ ഫ്രാന്‍സില്‍ ജനിച്ച സിസ്റ്റര്‍ ആന്ദ്രേയുടെ ആദ്യപേര് ലൂെസെല്‍ റാന്‍ഡന്‍ എന്നായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അവര്‍ കത്തോലിക്കാ സഭയ്ക്കായി സമര്‍പ്പിച്ചു. തന്റെ ദീര്‍ഘായുസിന്റെ രഹസ്യം ”കര്‍ത്താവിന് മാത്രമേ അറിയൂ” എന്നായിരുന്നു അവര്‍ എക്കാലവും തന്റെ ആയുസിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്.
1904 ഫെബ്രുവരി 11-ന് ഫ്രഞ്ച് പട്ടണമായ അലെസില്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണു സിസ്റ്റര്‍ ജനിച്ചത്. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ജീവിതമായിരുന്നു അവരുടേത്. ഫ്രാന്‍സിന്റെ 27 രാഷ്ട്രത്തലവന്‍മാരുടെ ഭരണകാലത്തിനും അവര്‍ സാക്ഷിയായി. 19 വയസില്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്ന അവര്‍, എട്ടു വര്‍ഷത്തിനുശേഷം കന്യാസ്ത്രീയായി. അധ്യാപികയായി ജോലി ചെയ്തിട്ടുള്ള അവര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. യുദ്ധം അവസാനിച്ചശേഷം വിച്ചിയിലെ ആശുപത്രിയില്‍ സേവനം ചെയ്തു. 28 വര്‍ഷം രോഗികള്‍ക്കും അനാഥര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചു. ഒടുവില്‍ കോവിഡ് മഹാമാരിയെയും അവര്‍ അതിജീവിച്ചു. ഒടുവില്‍ 119-ാം വയസിലെത്താന്‍ ഒരു മാസം മാത്രം ശേഷിക്കെയായിരുന്നു മരണം.
അവസാനകാലം അവര്‍ ജീവിച്ചിരുന്ന ടൗലോണിലെ നഴ്‌സിങ് ഹോമിന്റെ വക്താവ് ഡേവിഡ് ടവെല്ലാണ് സിസ്റ്റര്‍ ആന്ദ്രേയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ”വലിയ സങ്കടമുണ്ട്, പക്ഷേ… പ്രിയപ്പെട്ട സഹോദരനോടൊപ്പം ചേരുക എന്നത് അവളുടെ ആഗ്രഹമായിരുന്നു. അവര്‍ക്ക് അതൊരു മോചനമാണ്” ടവെല്ല പറഞ്ഞു.