പ്രതികളായവര്‍ എസ്.എന്‍. ട്രസ്റ്റ് ഭാരവാഹിയാകേണ്ടെന്ന് കോടതി

കൊച്ചി: വഞ്ചനാക്കേസുകളിലും എസ്.എന്‍. ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കുറ്റവിമുക്തരാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. എസ്.എന്‍. ട്രസ്റ്റ് മുന്‍ അംഗം ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ണായകമായ ഭേദഗതികള്‍ വരുത്താന്‍ ഉത്തരവിട്ടത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതികളാകുന്നവര്‍ക്ക് കുറ്റവിമുക്തരായാല്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിയമപരമായ തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്.എന്‍. ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി നിര്‍ണായക ഭേദഗതി വരുത്തിയതോടെ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേതൃസ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന് കരുതുന്നു.

നിലവിലെ സാഹചര്യത്തില്‍ ആരോപണവിധേയരായ പലരും ട്രസ്റ്റിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടെന്നും ഇതു ട്രസ്റ്റിന്റെ സുതാര്യതയെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. ട്രസ്റ്റിന്റെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആരോപണവിധേയരായവര്‍ ഇരിക്കുന്നത് നിയമപരമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. എസ്.എന്‍. ട്രസ്റ്റുമായി ബന്ധപ്പെട്ട ബൈലോ ഉള്‍പ്പെടെയുള്ളവയില്‍ ഭേദഗതി വരുത്തുന്നതിനു ഹൈക്കോടതിക്കാണ് അധികാരം. ഈ സാഹചര്യത്തില്‍കൂടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →