ന്യൂഡല്‍ഹി: പാക് ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍. രക്ഷാസമിതിയുടെ നടപടിയെ പ്രശംസിച്ച് ഇന്ത്യ.
ലഷ്‌കറെ തോയ്ബ തലവനും മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ അടുത്ത ബന്ധുവായ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യു.എന്‍. രക്ഷാസമിതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സംഘടനയ്ക്ക് ഫണ്ട് സ്വരൂപിക്കുന്നതുള്‍പ്പെടെ വിവിധ ജോലികള്‍ ലഷ്‌കറെ തോയ്ബയ്ക്കുവേണ്ടി മക്കി നിര്‍വഹിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളില്‍നിന്നുള്ള ഭീഷണി ഉയര്‍ന്ന തോതില്‍ തുടരുകയാണ്. രക്ഷാസമിതിയുടെ ഉപരോധങ്ങള്‍ ഇത്തരം ഭീഷണികള്‍ തടയാനും മേഖലയിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും സഹായകരമാണെന്നും അദ്ദേഹം വിലയിരുത്തി.
കഴിഞ്ഞ ജൂണില്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയും അമേരിക്കയും യു.എന്നില്‍ നീക്കം നടത്തിയിരുന്നു. രക്ഷാസമിതിയിലെ 15-ല്‍ 14 അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചെങ്കിലും െചെനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം പാളി. ഇതിന്റെ പേരില്‍ ഇന്ത്യ െചെനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

