ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നിലവിലെ ബൈപ്പാസിന് സമാന്തരമായി നിര്‍മിക്കുന്ന പുതിയ ബൈപാസ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 14 മീറ്റര്‍ വീതിയിലും 3.34 കിലോമീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പാലത്തിന്റെ നിര്‍മാണത്തിനാവശ്യമായ 480 പൈലിംഗ് ജോലികളില്‍ 197 എണ്ണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 96 തൂണുകളുള്ള പാലത്തിന്റെ അഞ്ച് തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയാണ് പുതിയ ബൈപ്പാസ് നിര്‍മിക്കുന്നത്. മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാനുള്ള രൂപരേഖയും പ്ലാനും റെയില്‍വേക്ക് നല്‍കിയിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എ.എം. ആരിഫ് എം. പി., ജില്ല കളക്ടര്‍ വി. ആര്‍. കൃഷ്ണതേജ എന്നിവര്‍ തിങ്കളാഴ്ച ആലപ്പുഴ ബീച്ചില്‍ എത്തി. പൈലിംഗ് പ്രവര്‍ത്തികള്‍ പരിശോധിച്ച സംഘം ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍മാണ കമ്പനി തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിര്‍മാണ കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.