കോതമംഗലം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലേലിമേട് പ്രദേശത്തേയ്ക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. കല്ലേലിമേടിലേക്കുള്ള പാതയിൽ പുതിയ പാലം യാഥാർത്ഥ്യമാവുകയാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
തേര, തലവച്ച പാറ, കുഞ്ചിപ്പാറ, വാരിയം, മാപ്പിളപ്പാറക്കുടി, മാണിക്കുടി തുടങ്ങിയ ആദിവാസി കുടികളിലേക്കും കല്ലേലിമേട് പ്രദേശത്തേക്കുമുള്ള ഏക യാത്രാ മാർഗ്ഗമാണ് ബ്ലാവന – കല്ലേലിമേട് റോഡ്. ഈ റോഡിൽ കല്ലേലിമേടിന് സമീപമുണ്ടായിരുന്ന പാലം കഴിഞ്ഞ മഴക്കാലത്ത് തകർന്നിരുന്നു. ഇതോടെ പ്രദേശത്തുള്ളവരുടെ സഞ്ചാരം ഏറെ ബുദ്ധിമുട്ടിലായി. നിലവിൽ താൽക്കാലികമായി ഒരുക്കിയിരിക്കുന്ന ക്രമീകരണത്തിലൂടെയാണ് ഇതുവഴി ആളുകൾ യാത്ര ചെയ്യുന്നത്.
പുതിയ പാലം വരുന്നതോടെ നിലവിലുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.