മുംബൈ: പുനെയിലെ ഹിഞ്ജവാദിയില്‍ നടന്ന കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ എന്‍.സി.പി. എം.പി. സുപ്രിയ സുലെയുടെ സാരിയില്‍ തീപിടിച്ചു. കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ, ഛത്രപതി ശിവാജിയുടെ പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ മേശപ്പുറത്തിരുന്ന വിളക്കില്‍ നിന്നാണ് തീപിടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. താന്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുപ്രിയ അറിയിച്ചു. ”കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടന വേളയില്‍, എന്റെ സാരിക്ക് അബദ്ധത്തില്‍ തീപിടിച്ചു. തക്കസമയത്ത് തീ അണച്ചു. ഞാന്‍ സുരക്ഷിതയാണ്. ആരും വിഷമിക്കേണ്ടതില്ല” അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ ഏകമകളാണ് ബാരാമതിയില്‍നിന്നുള്ള ലോക്‌സഭാംഗമായ സുപ്രിയ.