കാസര്‍ഗോഡ്: മിയാപ്പദവ് ബാളിയൂരില്‍ സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ഒരു വിദ്യര്ഥിക്ക് ഗുരുതര പരുക്കേറ്റു. മിയാപ്പദവ് ദര്ബെയിലെ ഹരിഷ് ഷെട്ടിയുടെ മകന് പ്രിതേഷ് ഷെട്ടി(21), ബെജ്ജയിലെ സുരേഷ് ഭണ്ഡാരി- അരുണാക്ഷി ദമ്പതികളുടെ മകന് അഭിഷേക് ഭണ്ഡാരി (21) എന്നിവരാണ് മരിച്ചത്. മിയാപ്പദവ് ചികൂര്‍പാതയിലെ നവിതി(21)നെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരും മംഗളൂരു പ്രണാവ് കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ ബാളിയൂരില്‍ വച്ചാണ് അപകടം. കുട്ടികളെ കൊണ്ടുവരാനായി പോക്കറ്റ് റോഡിലൂടെ വന്ന എ.ജെ.ഐ. സ്കൂളിലെ ബസ് ബാളിയൂര്‍ റോഡില്‍ പ്രവേശിക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ബസിന്റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ബൈക്കില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥികളുടെ തല റോഡിലിടിച്ചാണ് ഗുരുതര പരുക്കേറ്റത്. മൂവരെയും നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രിതേഷ് ഷെട്ടിയും അഭിഷേക് ഭണ്ഡാരിയും അപ്പോഴേക്കും മരിച്ചിരുന്നു.
സ്കൂള്‍ ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കു പരുക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു
