ആലപ്പുഴ: കൊല്ലത്തെ പാൻമസാല കടത്ത് കേസിൽ പ്രതിയായ ഇജാസിനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു ഇജാസ്. വാഹനം വാടകയ്ക്ക് നൽകിയ സിപിഎം കൗൺസിലർ എ ഷാനവാസിനെ സിപിഎം സസ്പെൻഡ് ചെയ്തു.
എ ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പാർട്ടിയിലെ യുവനേതാക്കൾക്കൊപ്പം ഇജാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. വാഹനം വാടകയ്ക്ക് കൊടുത്തപ്പോൾ ജാഗ്രത പുലർത്തിയില്ലെന്ന് ജില്ലാ സെക്രട്ടറി നാസർ പറഞ്ഞു. ഒന്നരക്കോടി രൂപയുടെ ലഹരിക്കടത്തിൽ ആലപ്പുഴയിൽ സിപിഎം നേരിട്ടത് ഗുരുതര പ്രതിസന്ധിയാണ്. സിപിഎം കൗൺസിലറുടെ വാഹനത്തിൽ ലഹരികടത്തിയത് വൻ വിവാദമാകുമ്പോഴാണ് മുഖ്യപ്രതികളുടെ സിപിഎം ബന്ധവും പുറത്ത് വന്നത്.
കേസിൽ മുഖ്യപ്രതിയായി പൊലീസ് ആരോപിക്കുന്നത് ഇജാസ് ഇക്ബാലാണ്. സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസ് ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. നാല് മാസം മുമ്പ് സമാനമായ കേസിൽ ഇജാസ് പിടിയിലായിരുന്നു. എന്നിട്ടും ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ല

