തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഫോറൻസിക് മേധാവി കെ.ശശികല. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പോലീസിന് നൽകിയിട്ടില്ല, മറിച്ച് കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ശശികല പറഞ്ഞു. തന്റേതെന്ന പേരിൽ പോലീസ് രേഖപ്പെടുത്തിയ മൊഴിയെ കുറിച്ച് അറിയില്ല എന്നും ശശികല മാധ്യമങ്ങളോട് വ്യക്തമാക്കി.
നയന സൂര്യന്റെ മരണം കൊലപാതകംതന്നെയാണെന്ന് താൻ ആദ്യമേ പോലീസിനോടു പറഞ്ഞിരുന്നുവെന്നും എന്നാൽ, പോലീസ് തന്റെ മൊഴി അട്ടിമറിച്ചെന്നുമാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജൻ ഡോ. കെ.ശശികലയുടെ വെളിപ്പെടുത്തൽ. കൊലപാതകംതന്നെ യാണ് ആദ്യ സാധ്യതയായി താൻ ചൂണ്ടിക്കാട്ടിയത്. എന്നാലത് മൊഴിയിൽനിന്ന് ഒഴിവാക്കിയാണ് പോലീസ് മൊഴി തയ്യാറാക്കിയത്. സ്വയം ജീവനൊടുക്കുക എന്നത് രണ്ടാമത്തെ സാധ്യത മാത്രമാണെന്നു പറഞ്ഞിരുന്നു. ‘സെക്ഷ്വൽ അസ്ഫിഷ്യ’ എന്ന രോഗാവസ്ഥയെക്കുറിച്ച് താൻതന്നെയാണ് പറഞ്ഞത്. എന്നാലത് അത്യപൂർവമാണെന്നും പറഞ്ഞിരുന്നു. അന്വേഷണോദ്യോഗസ്ഥൻ തന്നോടൊപ്പമിരുന്ന് താൻ പറയുന്നതു കേട്ട് എഴുതിയെടുത്ത മൊഴിയല്ല ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുഴുവൻ അട്ടിമറിച്ചു – കെ.ശശികല പറഞ്ഞു.
കൊലപാതകമാണെന്ന സൂചനകൊണ്ടാണ് മരണം നടന്ന സ്ഥലം താൻ സന്ദർശിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരുന്ന വാതിൽ ചവിട്ടിത്തുറന്നാണ് അകത്തുകടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത്. മുറിയിൽ നയന കിടന്നിരുന്നതായിപ്പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയിൽ കണ്ടിരുന്നു. കഴുത്തിൽ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു. കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നെങ്കിൽ കഴുത്തിറുക്കി കൊന്നതാവാമെന്ന് ഞാൻ ചൂണ്ടിക്കാട്ടി. അതല്ലെങ്കിൽ ‘അസ്ഫിക്‌സിയോഫീലിയ’ എന്ന അവസ്ഥയിൽ സ്വയം ഇറുക്കിയതാകാം എന്ന അതിവിദൂര സാധ്യതയും പറഞ്ഞു – ഡോക്ടർ വെളിപ്പെടുത്തി.
ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസമടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നു പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തു. പക്ഷേ, അതൊന്നും മൊഴിയിലില്ല. നയനയുടെ നഖം താൻ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനു കൈമാറി. അതു പരിശോധനയ്ക്കയയ്‌ക്കേണ്ടത് പോലീസാണ്. ‘ദുഃസ്വഭാവം’ എന്ന വാക്ക് മൊഴിയിൽ പറഞ്ഞതായി ഉണ്ട്. അങ്ങനെയൊരു വാക്ക് താൻ പ്രയോഗിച്ചിട്ടില്ല. അത് പോലീസിന്റെ ഭാഷയാണ് – ഡോ. ശശികല പറഞ്ഞു.
2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകൾ നയന സൂര്യ(28)നെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹപരിശോധനാഫലത്തിലുള്ളത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന.

