പെരിന്തല്‍മണ്ണ: ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് എയര്‍കൂളറിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 12 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പുളിങ്കാവ് പള്ളത്തൊടി അബ്ദുള്‍ മുജീബ് (38), തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ നിന്നു ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കാരിയര്‍മാരാണു പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചെറുകര റെയില്‍വേ സ്‌റ്റേഷനുസമീപം വച്ച് എയര്‍കൂളറിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.
ആന്ധ്രയില്‍ നിന്നു കേരളത്തിലേക്കു കഞ്ചാവു കടത്താനുപയോഗിക്കുന്ന വാഹനങ്ങള്‍ പലതും വാഹനപരിശോധനയിലും മറ്റും പിടിയിലായതോടെയാണ് പരിശോധന വെട്ടിക്കാന്‍ പുതിയ രീതിയില്‍ കഞ്ചാവ്കടത്ത് തുടങ്ങിയത്.മാസത്തില്‍ രണ്ടുംമൂന്നും തവണ ഈ രീതിയില്‍ കഞ്ചാവ് കേരളത്തിലെത്തിലേക്ക് എത്തിക്കുന്നുണ്ട്. അബ്ദുള്‍ മുജീബിന്റെ പേരില്‍ കൊളത്തൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ സ്‌റ്റേഷനുകളില്‍ കഞ്ചാവ് കേസുകളും മോഷണക്കേസുകളും നിലവിലുണ്ട്. കഴിഞ്ഞ മേയില്‍ നാലു കിലോഗ്രാം കഞ്ചാവുമായി മുജീബിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിനീത് വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ഹൈവേ റോബറി, കഞ്ചാവ്കടത്ത്, വധശ്രമം തുടങ്ങി 12ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമാണ്. പ്രതികള്‍ രണ്ടുപേരും ഈയടുത്താണു ജയിലില്‍ നിന്നു ജാമ്യത്തിലിറങ്ങിയത്.ഇന്‍സ്‌പെക്ടര്‍ സി.അലവി, എസ്.ഐ: എ.എം. യാസിര്‍, ജൂനിയര്‍ എസ്.ഐ. തുളസി, എ.എസ്.ഐ. ബൈജു, സിവില്‍ പോലീസ് ഓഫീസര്‍ സല്‍മാന്‍, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.