അടിമാലിയില്‍ സുഹൃത്ത് നല്‍കിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

അടിമാലി: ഇടുക്കി അടിമാലിയില്‍ സുഹൃത്തു നല്‍കിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. കീരിത്തോട് മാടപ്പറമ്പില്‍ മനു (28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍ (40), അടിമാലി പുത്തന്‍പറമ്പില്‍ അനു (38) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കു മദ്യം നല്‍കിയ സുഹൃത്ത് സുധേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ടൗണിനു സമീപം അപ്‌സരക്കുന്നു ഭാഗത്ത് പൊതിഞ്ഞ നിലയില്‍ ഒരുകുപ്പി മദ്യം വഴിയില്‍ കിടന്നു കിട്ടിയെന്നാണു സുധേഷ് പോലീസിനോടു പറഞ്ഞത്. ഇയാള്‍ കൊടുത്ത മദ്യം ഇന്നലെ രാവിലെ മനുവും കുഞ്ഞുമോനും അനുവും ചേര്‍ന്നു കഴിച്ചു. തുടര്‍ന്ന് മൂവര്‍ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിനിടയില്‍ രക്തം ഛര്‍ദിച്ച മനുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അസ്വസ്ഥത കാട്ടിയ കുഞ്ഞുമോനെയും താമസിയാതെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഗുരുതരാവസ്ഥയിലുള്ള മനുവിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. കുഞ്ഞുമോന്‍ നിരീക്ഷണത്തിലാണ്. വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാതിരുന്ന അനു ആശുപത്രിയില്‍ എത്തിയിരുന്നില്ല. പിന്നീട് സുഹൃത്തുക്കളും മറ്റും എത്തി ഇയാളെയും അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ഐ: കെ.എം സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.

ചികിത്സയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ അന്വേഷണം നടത്തും. പ്രശ്‌നം ഗുരുതരമായതിനെത്തുടര്‍ന്ന് സുധീഷ് മദ്യക്കുപ്പി നശിപ്പിക്കാന്‍ ശ്രമം നടത്തിയതായി വിവരം ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കുപ്പിയുടെ ലേബല്‍ പരിശോധിച്ചുവരുന്നു. ഏത് ബിവറേജ് ഔട്ട്‌ലെറ്റ് വഴി വിറ്റ മദ്യമാണെന്നു കണ്ടെത്താന്‍ തൊടുപുഴയിലെ മൊത്തവിതരണ ശാലയിലെ രേഖകള്‍ 09/01/2023 പരിശോധിക്കും. ബാച്ച് നമ്പര്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാകും ഇതു വ്യാജമദ്യമാണോ അതോ മദ്യത്തില്‍ മറ്റെന്തെങ്കിലും ചേര്‍ന്നിട്ടുണ്ടോ എന്നതടക്കം കണ്ടെത്താന്‍ കഴിയുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →