ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനിയില്‍ 29 ഏക്കര്‍ റെയില്‍വേ ഭൂമിയില്‍ നിന്നു നാലായിരം കുടുംബങ്ങളെ ഉള്‍പ്പെടെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ജനുവരി 5ന് പരിഗണിക്കും.ആയിരക്കണക്കിനു വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെ ഇടിച്ചുനിരത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാണ്.റെയില്‍വേ ഭൂമി ഒഴിപ്പിക്കാന്‍ കഴിഞ്ഞ 20-നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന്, പ്രദേശവാസികള്‍ ജനുവരി ഒന്‍പതിനകം ഒഴിയാനാവശ്യപ്പെട്ട് ജില്ലാഭരണകൂടം പത്രപ്പരസ്യം നല്‍കി. ഒഴിപ്പിക്കപ്പെടുന്നതില്‍ പകുതിയോളം കുടുംബങ്ങളും ഭൂമിക്കു പാട്ടക്കരാറുണ്ടെന്ന് അവകാശപ്പെടുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാല് സര്‍ക്കാര്‍ സ്‌കൂളുകള്‍, 11 സ്വകാര്യ സ്‌കൂളുകള്‍, ഒരു ബാങ്ക്, 10 മോസ്‌കുകള്‍, നാല് ക്ഷേത്രങ്ങള്‍, രണ്ട് വാട്ടര്‍ ടാങ്കുകള്‍, കടകള്‍ എന്നിവയും ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്നു.ഹാല്‍ദ്വാനി റെയില്‍വേ സ്റ്റേഷനു സമീപം രണ്ട് കിലോമീറ്ററോളം നീളത്തിലാണു വിവാദഭൂമി. ഒഴിപ്പിക്കലിനു മുന്നോടിയായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ഭൂമി പരിശോധനയ്ക്കെത്തിയപ്പോള്‍ ജനങ്ങള്‍ മെഴുകുതിരി പ്രകടനവും ധര്‍ണയും പ്രാര്‍ഥനായോഗങ്ങളുമായി പ്രതിരോധം തീര്‍ത്തു. മോസ്‌കുകള്‍ കേന്ദ്രീകരിച്ചുള്ള പ്രാര്‍ഥനകള്‍ക്കിടെ പലരും പൊട്ടിക്കരഞ്ഞു.
മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണാണു വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന്, ചീഫ് ജസ്റ്റിസ് ഡി.െവെ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.എ. നസീര്‍, പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്ന് വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.മുസ്ലിം ഭൂരിപക്ഷമേഖലയിലെ ഒഴിപ്പിക്കല്‍ നീക്കത്തിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിനെതിരേ പ്രതിപക്ഷവും സാമൂഹികപ്രവര്‍ത്തകരും ഉള്‍പ്പെടെ രംഗത്തുവന്നു. തലസ്ഥാനമായ ഡെറാഡൂണില്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഒരുമണിക്കൂര്‍ മൗനവ്രതമനുഷ്ഠിച്ച് പ്രതിഷേധിച്ചു.കുട്ടികളും സ്ത്രീകളും വയോധികരുമുള്‍പ്പെടെ അരലക്ഷത്തോളം പേര്‍ വഴിയാധാരമാകുമെന്നു റാവത്ത് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ രക്ഷാകര്‍ത്താവാകേണ്ട മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്കായി തന്റെ മൗനവ്രതം സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിക്കാന്‍ ബാധ്യതയുണ്ടെന്നാണു പോലീസിന്റെയും തദ്ദേശഭരണകൂടത്തിന്റെയും നിലപാട്. പാര്‍പ്പിടങ്ങള്‍ ഇടിച്ചുനിരത്തിയാല്‍ മക്കളും കൊച്ചുമക്കളുമായി എങ്ങോട്ടുപോകുമെന്നു ജനം ചോദിക്കുന്നു. വീടുകളും സ്‌കൂളുകളും ആശുപത്രികളുമൊക്കെ നിര്‍മിക്കപ്പെട്ടശേഷമാണോ റെയില്‍വേയ്ക്കു വീണ്ടുവിചാരമുണ്ടായതെന്നും അവര്‍ ചോദിച്ചു. ഒഴിപ്പിക്കല്‍ നടപ്പാക്കുമെന്നും പോലീസ് സഹായം തേടിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ധീരജ് എസ്. ഗര്‍ബ്യാല്‍ വ്യക്തമാക്കി. ആയിരത്തോളം പേര്‍ പഠിക്കുന്ന ഗവ. ഗേള്‍സ് ഇന്റ കോളജും ഇടിച്ചുനിരത്തുന്നവയില്‍ ഉള്‍പ്പെടുന്നു. 1952-ല്‍ ജൂനിയര്‍ ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 2005-ാണ് കോളജായി ഉയര്‍ത്തപ്പെട്ടത്.