സി ഐ സുനുവിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ ക്ലീന്‍ ചിറ്റുമായി അന്വേഷണ സംഘം

തിരുവനന്തപുരം: തൃക്കാക്കര ബലാത്സംഗക്കേസില്‍ സസ്‌പെന്‍ഷനിലായ സി ഐ സുനുവിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ ക്ലീന്‍ ചിറ്റുമായി അന്വേഷണ സംഘം. ബലാത്സംഗ കേസില്‍ സുനുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ബേപ്പൂര്‍ കോസ്റ്റല്‍ സി ഐ ആയിരിക്കവയൊണ് സുനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പരാതിക്കാരിയുടെ ഭര്‍ത്താവിന് സുനുവിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും ഭര്‍ത്താവിന്റെ സമ്മര്‍ദത്തിന് വഴങ്ങി യുവതി സുനുവിനെതിരെ പരാതി നല്‍കിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളോട് ഇന്നലെ രാവിലെ 11ന് പോലീസ് ആസ്ഥാനത്ത് നേരിട്ടെത്താന്‍ ഡി ജി പി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ല. ചികിത്സയിലാണെന്നും സാവകാശം വേണമെന്നുമാണ് പോലീസ് മേധാവിയുടെ നോട്ടീസിന് മറുപടി നല്‍കിയത്.

പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു ഡി ജി പി നല്‍കിയ നിര്‍ദേശം. ബലാത്സംഗമുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടല്‍ വേണമെന്നായിരുന്നു ഡി ജി പി അനില്‍കാന്ത് ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നത്. നിലവില്‍ സുനു പ്രതിയായ ആറ് ക്രിമിനല്‍ കേസുകളാണ് ഉള്ളത്.

അതില്‍ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്. ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചതിന് പുറമെ ഒമ്പത് തവണ വകുപ്പ്തല അന്വേഷണവും ശിക്ഷാനടപടികളും ഇയാള്‍ നേരിട്ടിട്ടുണ്ട്. നേരത്തേ പിരിച്ചുവിടാതിരിക്കാന്‍ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഡി ജി പി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സുനു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഒരാഴ്ചക്കകം വിശദീകരണം നല്‍കാനായിരുന്നു ട്രൈബ്യൂണലിന്റെ നിര്‍ദേശം. തുടര്‍ന്ന് ഡിസംബര്‍ 31ന് സുനു പോലീസ് മേധാവിക്ക് മുന്നില്‍ ഇ മെയില്‍ വഴി വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ട് ഹാജരാവാന്‍ ഇയാള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →