കോഴിക്കോട്: കൗമാര കലയുടെ ജില്ലാതല ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് കോഴിക്കോട് എത്തി. ശക്തമായ സുരക്ഷയിലാണ് നൂറ്റിപതിനേഴര പവന്‍ വരുന്ന സ്വര്‍ണക്കപ്പ് പാലക്കാട്ടുനിന്നും കോഴിക്കോട്ടേക്ക് എത്തിച്ചത്. 2019 ല്‍ കാസര്‍ക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കളായ പാലക്കാടിന് ലഭിച്ച സ്വര്‍ണ്ണകപ്പ് പാലക്കാട് ജില്ലാ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷം കലോത്സവം നടത്താതിരുന്നതിനാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വര്‍ണ്ണക്കപ്പ് ഇവിടെത്തന്നെയാണ് സൂക്ഷിച്ചത്. തിങ്കളാഴ്ച(2.01.2023) രാവിലെ എട്ടരയോടെ ഡി.ഡി.ഇ. ട്രഷറിയിലെ ലോക്കറിലെത്തി സ്വര്‍ണ്ണകപ്പ് ഏറ്റുവാങ്ങി. കോഴിക്കോട്ട് എത്തിയ കപ്പ് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍കോവിലും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് നഗരത്തിലെത്തി. മാനാഞ്ചിറ സ്‌ക്വയറില്‍ രണ്ടു മണിക്കൂറോളം സ്വര്‍ണ്ണക്കപ്പ് പ്രദര്‍ശനത്തിന് വച്ചു.
നേരത്തെ ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസും ചേര്‍ന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് നഗരത്തിലേക്ക്. ഫറോക്ക്ചുങ്കം, ഫറോക്ക് ബസ് സ്റ്റാന്‍ഡ്, ചെറുവണ്ണൂര്‍ സ്രാമ്പ്യ, മോഡേണ്‍ എന്നിവിടങ്ങളില്‍ വിവിധ സ്‌കൂളുകള്‍ചേര്‍ന്ന് ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.
തുടര്‍ന്ന് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എത്തിച്ചേര്‍ന്നു. എം.എല്‍.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.എം. സച്ചിന്‍ ദേവ്, മേയര്‍ ഡോ. ബീന ഫിലിപ്പ്, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഡി.ഡി.ഇ. മനോജ് കുമാര്‍, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ പി.പി. ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

